മക്ക - സൗദി അറേബ്യക്കകത്തു നിന്ന് ഈ വർഷം ഹജ് കർമം നിർവഹിക്കുന്നവരുടെ കുട്ടികളെ പരിചരിക്കുന്നതിന് മക്കയിൽ ക്രഷെകളും നഴ്‌സറികളും ഏർപ്പെടുത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയവും മക്ക വിദ്യാഭ്യാസ വകുപ്പും ധാരണയിലെത്തി. കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിൽ ഏൽപിച്ച് മനസ്സമാധാനത്തോടെ ഹജ് കർമങ്ങൾ നിർവഹിക്കുന്നതിന് തീർഥാടകർക്ക് അവസരം ഒരുക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ സേവനം നടപ്പാക്കുന്നത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ആഭ്യന്തര ഹജ് സർവീസ് സ്ഥാപനങ്ങളും ക്രഷെകളും നഴ്‌സറികളും പ്രവർത്തിപ്പിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുക. മക്കയിൽ ചിൽഡ്രൻ ഗാദറിംഗ് പോയന്റിൽ വെച്ച് കുട്ടികളെ നഴ്‌സറികളും ക്രഷെകളും നടത്തുന്ന സ്ഥാപനങ്ങൾക്ക് കൈമാറൽ ഹജ് സർവീസ് കമ്പനികളുടെ ഉത്തരവാദിത്തമാണ്. കുട്ടികളെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട വീഴ്ചകളെ കുറിച്ച് തീർഥാടകർ നൽകുന്ന പരാതികൾ മക്ക വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും വീഴ്ചകൾ വരുത്തുകയും നിയമ ലംഘനങ്ങൾ നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഇക്കാര്യത്തിൽ വീഴ്ചകൾ വരുത്തുന്ന ഹജ് സർവീസ് സ്ഥാപനങ്ങൾക്കെതിരായ കേസുകൾ ഹജ് സർവീസ് കമ്പനികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ വിധിക്കുന്ന ഹജ്, ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റിക്ക് കൈമാറും. ഹജ് ദിവസങ്ങളിൽ തീർഥാടകരുടെ കുട്ടികളെ പരിചരിക്കുന്നതിന് ഒരുക്കിയ സേവനം പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്ന ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ആകെ അഞ്ഞൂറു കുട്ടികളെ പരിചരിക്കുന്നതിനുള്ള സൗകര്യമാണ് മക്കയിൽ ഒരുക്കുന്നത്. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്ന ഹജ് സർവീസ് കമ്പനികളുടെ അപേക്ഷകൾ ഹജ് സർവീസ് കമ്പനികളുടെ ഏകോപന സമിതി സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.