ബി.ജ.പി പ്രസിഡന്റ് സുരേന്ദ്രന്‍ പ്രതിയായപ്പോള്‍ പോലീസിന്  ആവേശം കണ്ടില്ലല്ലോ-വേണുഗോപാല്‍

തൃശൂര്‍-കൊടകര കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായപ്പോള്‍ കേരള പൊലീസിന് ഇപ്പോള്‍ കാട്ടുന്ന ആവേശം ഉണ്ടായിരുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അന്ന് ആവേശം കാണിക്കാത്ത പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും കെപിസിസി അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കിയത് നരേന്ദ്രമോഡിയെ സുഖിപ്പിക്കാനാണെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു.
സുധാകരനെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണ്. കള്ളക്കേസെടുത്ത ഉടനെ രാജിവെക്കേണ്ടതല്ല കെപിസിസി അധ്യക്ഷപദവി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലടുത്ത കള്ളക്കേസില്‍ രാജിവെക്കണമെങ്കില്‍ ഒരു നേതാവിനും ഒരു സ്ഥാനത്തും തുടരാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ ഇരുത്തിയിരിക്കുന്നത് തെറ്റുകള്‍ക്കെതിരെ പോരാടാനാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും സിപിഎമ്മിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ ശക്തമായ പോരാട്ടം സുധാകരന്‍ തുടരും. അതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
സുധാകരനെതിരെ നടക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ വേട്ടയാണ്. സിപിഎമ്മിന്റെ തിരക്കഥക്കനുസരിച്ച നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രതിഷേധ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്രത്തില്‍ മോഡി നടപ്പാക്കുന്ന കാര്യങ്ങള്‍ അതിന്റെ പതിന്മടങ്ങ് വേഗത്തില്‍ പിണറായി വിജയന്‍ കേരളത്തില്‍ ചെയ്യുന്നു. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന യോഗമാണ് പട്നയില്‍ കഴിഞ്ഞ ദിവസം നടന്നത്. ജനങ്ങളെ വിഭജിക്കുന്ന നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായി യോജിച്ചു നീങ്ങാനുള്ള തീരുമാനമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷ കക്ഷികളെടുത്തത്.
എന്നാല്‍ അതിന് തൊട്ടുപിന്നാലെയാണ് മോഡിയെ സുഖിപ്പിക്കാന്‍ കെപിസിസി അധ്യക്ഷനെ പിണറായി വിജയന്‍ അറസ്റ്റ് ചെയ്തതെന്ന് കെസി വേണുഗോപാല്‍ പരിഹസിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേത്-കെസി വേണുഗോപാല്‍ പറഞ്ഞു.

Latest News