റിയാദ് - ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സൗദിയിൽ പത്തു ഇന്ത്യക്കാർ കൂടി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു മാസത്തിനിടെയാണ് ഇവർ പിടിയിലായത്. ഇതോടെ സൗദിയിൽ അറസ്റ്റിലുള്ള ഇന്ത്യൻ ഭീകരരുടെ എണ്ണം 27 ആയി ഉയർന്നു. പത്തു ഇന്ത്യക്കാർ അടക്കം രണ്ടു മാസത്തിനിടെ സൗദിയിൽ 169 ഭീകരർ അറസ്റ്റിലായിട്ടുണ്ട്. 55 ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇക്കൂട്ടത്തിൽ 82 പേർ സൗദികളാണ്. പതിമൂന്നു സിറിയക്കാരും 28 യെമനികളും പന്ത്രണ്ടു ഈജിപ്തുകാരും മൂന്നു പാക്കിസ്ഥാനികളും നാലു സുഡാനികളും ജോർദാൻ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
ഒരു ഖത്തരി കൂടി അറസ്റ്റിലായതോടെ സൗദിയിൽ അറസ്റ്റിലായ ഖത്തരി ഭീകരരുടെ എണ്ണം രണ്ടായി. ആദ്യ ഖത്തരി പതിമൂന്നു വർഷം മുമ്പാണ് അറസ്റ്റിലായത്. അൽഖാഇദ ഭീകര സംഘത്തിന് നേതൃത്വം നൽകിയ ഈ പ്രതിയെ കോടതി മുപ്പതു വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഭീകര സംഘത്തിൽ 41 അംഗങ്ങളാണുണ്ടായിരുന്നത്. ഇതിൽ 38 പേർ സൗദികളും ഒരാൾ യെമനിയും മറ്റൊരാൾ അഫ്ഗാനിയുമാണ്. 2011 സെപ്റ്റംബർ 17 ന് ആണ് ഈ ഭീകര സംഘത്തിന്റെ വിചാരണ പ്രത്യേക കോടതിയിൽ ആരംഭിച്ചത്. അൽഖാഇദ ഭീകരരെ കാണുന്നതിന് സൗദിയിൽ പ്രവേശിക്കുന്നതിനിടെയാണ് ഖത്തരിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. കുവൈത്തിലെയും ഖത്തറിലെയും അമേരിക്കൻ താൽപര്യങ്ങൾക്കും ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനും നേരെ ഭീകരാക്രമണങ്ങൾ നടത്തി സൗദി അറേബ്യയും അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിന് ഭീകര സംഘം ലക്ഷ്യമിട്ടിരുന്നു.
ഖത്തറിൽ അമേരിക്കൻ സൈനികർക്കു നേരെ ആക്രമണം നടത്തുന്നതിന് ഇറാഖിൽ നിന്ന് ഭീകരരെ എത്തിക്കുന്നതിന് ഇറാഖി ഭീകരനുമായി ഖത്തരി ആശയ വിനിമയം നടത്തുകയും ഈ ലക്ഷ്യത്തോടെ പണം കൈമാറുകയും ചെയ്തിരുന്നു. അമേരിക്കൻ സൈനികർക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതിന് ആവശ്യമായ ആയുധങ്ങളും ബോംബുകളും ആർ.പി.ജി മിസൈലുകളും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് ഖത്തരി ഭീകരൻ യെമൻ സന്ദർശിക്കുകയും ചെയ്തിരുന്നു.