Sorry, you need to enable JavaScript to visit this website.

വെറുതെയല്ല ചെക്കന്‍മാര്‍ക്ക് പെണ്ണ് കിട്ടാത്തത്, ഇങ്ങനെ പോയാല്‍ പണി പാളും

തിരുവനന്തപുരം - പെണ്ണ് കിട്ടാതെ പുര നിറഞ്ഞ് നില്‍ക്കുന്ന പുരുഷന്‍മാരുടെ എണ്ണം കൂടി വരികയാണ്. എവിടെ തെരഞ്ഞാലും പെണ്ണ് കിട്ടാത്ത അവസ്ഥ. ഇതിനെക്കുറിച്ച് പഠനം നടത്തി കാരണങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം എസ് ടി യു ആശുപത്രിയിലെ മനോരോഗ വിദഗ്ധനായ ഡോ.എ. ടി. ജിതിന്‍. കേരളത്തിലെ അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍  വിവാഹപ്പേടിയും  കുടുംബജീവിതത്തോട് വിമുഖതയും കാണിക്കുന്നതാണ് യുവാക്കള്‍ക്ക് പെണ്ണ് കിട്ടാത്തതിന്റെ അടിസ്ഥാന കാരണമെന്നാണ് ഡോ. ജിതിന്റെ പഠനത്തില്‍ കണ്ടെത്തിയത്. 31 മുതല്‍ 98 ശതമാനംവരെ പെണ്‍കുട്ടികള്‍ വിവാഹത്തിന് താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് പഠനം പറയുന്നത്. വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമാണെന്ന പ്രചാരണം പെണ്‍കുട്ടികളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.  കുടുംബപ്രശ്‌നങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും സാമാന്യവല്‍ക്കരിച്ചുള്ള വാര്‍ത്തകളും സിനിമകളും സമൂഹമാധ്യമങ്ങളും പെണ്‍കുട്ടികളെ സ്വാധീനിക്കുന്നു. നല്ല ബന്ധങ്ങള്‍ക്കായുള്ള കാത്തിരിപ്പും വിവാഹം വൈകിപ്പിക്കുന്നു. 
യുവാക്കള്‍ക്ക് പെണ്ണുകിട്ടാത്ത സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു പഠനം. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള വിമുഖത, ഗര്‍ഭം ധരിക്കുന്നതിനുള്ള താല്‍പ്പര്യക്കുറവ്, കുട്ടികളെ വളര്‍ത്തുന്നതിനുള്ള മടി തുടങ്ങിയവയാണ്  വിവാഹപ്പേടിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും ചെറുപ്രായത്തില്‍ വിവാഹത്തിന് സന്നദ്ധരല്ല. സാമ്പത്തികമായി സുരക്ഷിതത്വം നേടുന്നതിനും തനിച്ചുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യം കണക്കിലെടുത്തുമാണിത്. കേരളത്തിലെ പ്രമുഖ മാട്രിമോണിയല്‍ സ്ഥാപനങ്ങള്‍, വെബ്‌സൈറ്റുകള്‍, വര്‍ഷങ്ങളായി മാട്രിമോണിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
വിവാഹം നീട്ടിവയ്ക്കുന്നതും വേണ്ടെന്നുവയ്ക്കുന്നതും സമീപഭാവിയില്‍ കേരളത്തിന്റെ  വളര്‍ച്ച മുരടിപ്പിക്കുമെന്ന് ഡോ. എ ടി നിതിന്‍ പറയുന്നു. സമീപഭാവിയില്‍ ഇതിന്റെ പ്രതിഫലനം സാമ്പത്തിക,- സാമൂഹിക മേഖലകളില്‍ ദൃശ്യമാകും. വൈകിയുള്ള വിവാഹം ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയുന്നതിനാല്‍ കുട്ടികളുടെ എണ്ണം കുറയുന്നതിന് ഇത് കാരണമാകുന്നു. ഇത് കുടുംബഘടനയിലും സമൂഹ ഘടനയിലും മാറ്റം സൃഷ്ടിക്കുമെന്നും പഠനത്തിലുണ്ട്.

 

Latest News