മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ രണ്ട് ആണ്‍കുട്ടികളെ തമ്മില്‍ കല്യാണം കഴിപ്പിച്ച് ഗ്രാമീണര്‍

മാണ്ഡ്യ(കര്‍ണ്ണാടക) - മഴ പെയ്യാനായി മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ രണ്ട് ആണ്‍കുട്ടികളെ തമ്മില്‍ കല്യാണം കഴിപ്പിച്ച് കര്‍ണ്ണാടകയിലെ ഗ്രാമീണര്‍. മാണ്ഡ്യ ജില്ലയില്‍ കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയിലാണ് വിവാഹം നടന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴ വളരെ കുറവാണ്. ഇതേ തുടര്‍ന്ന് കൃഷിയെല്ലാം നശിച്ചു. കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ആണ്‍കുട്ടികള്‍ തമ്മിലുള്ള കല്യാണം നടത്താന്‍ ഗ്രാമീണര്‍ തീരുമാനിച്ചത്. രണ്ട് പേരെ കണ്ടെത്തി വെള്ളിയാഴ്ച രാത്രി വിവാഹം കഴിപ്പിക്കുകയും ചെയ്തു. വിവാഹ ചടങ്ങിന്റെ ഭാഗമായി ഗ്രാമവാസികള്‍ക്ക് പ്രത്യേക സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു. പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു രണ്ട് ആണ്‍കുട്ടികള്‍ വധൂവരന്മാരായി വിവാഹത്തിനായി എത്തിയത്. ഇത് തങ്ങളുടെ പൂര്‍വികര്‍ മുന്‍പ് ചെയ്തിരുന്ന ആചാരമാണെന്നും മഴ കുറഞ്ഞതിനാലാണ് പഴയ ആചാരത്തിലേക്ക് തിരികെ പോയതെന്നും ഗ്രാമീണര്‍ പറഞ്ഞു.

 

Latest News