മോസ്‌കോ-റഷ്യയുടെ സ്വകാര്യ സൈനിക ഗ്രൂപ്പായ വാഗ്നർ ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ റഷ്യൻ പ്രസിഡന്റ് വഌദമിർ പുടിൻ മോസ്‌കോ വിട്ടതായി സംശയം. മോസ്‌കോയിൽനിന്ന് റഷ്യൻ പ്രസിഡന്റിന്റെ വിമാനങ്ങളിൽ ഒന്ന് പറന്നുയർന്നതിനെ തുടർന്നാണ് അഭ്യൂഹം. അതേസമയം, ഈ വിമാനത്തിൽ പുടിൻ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വാഗ്നർ ഗ്രൂപ്പ് മോസ്‌കോ ലക്ഷ്യമാക്കി പുറപ്പെട്ടുവെന്നാണ് വിവരം. മൂന്നു നഗരങ്ങൾ ഇതോടകം വാഗ്നർ ഗ്രൂപ്പ് പിടിച്ചെടുത്തു. അതേസമയം, ഗ്രൂപ്പിനെതിരെ റഷ്യൻ സേന പ്രത്യാക്രമണം ശക്തമാക്കി. റഷ്യൻ സൈനിക ഹെലികോപ്ടറുകൾ വാഗ്നർ ഗ്രൂപ്പിന് നേരെ വെടിയുതിർത്തു. മോസ്‌കോയിലേക്കുള്ള പാലങ്ങളിൽ ഒന്ന് റഷ്യൻ സേന തന്നെ ബോംബ് വെച്ച് തകർത്തു.
ദക്ഷിണ റഷ്യൻ നഗരമായ റോസ്‌തോവ് ഓൺ ഡോൺ വാഗ്നർ സേന പിടിച്ചെടുത്തു. ഇവിടെനിന്ന് സംഘം മോസ്‌കോ ലക്ഷ്യം വെച്ചുനീങ്ങുന്നത്.
റഷ്യൻ സർക്കാറിന്റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്നർ ഗ്രൂപ്പ് തിരിഞ്ഞുകുത്തിയതോടെ പുടിൻ അട്ടിമറി ഭീഷണി കൂടി നേരിടുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരമായ ക്രംലിനിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കി. മോസ്‌കോയിൽ ടാങ്കുകൾ വിന്യസിച്ചു. ശനിയാഴ്ച പുലർച്ചെ സെൻട്രൽ മോസ്‌കോയിൽ സൈനിക വാഹനങ്ങൾ കണ്ടതായി ഒരു ഉറവിടത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
വാഗ്‌നർ ഗ്രൂപ്പും റഷ്യൻ സൈന്യവും തമ്മിൽ ഉടലെടുത്ത സംഘർഷമാണ് പുടിനെ പ്രതിസന്ധിയിലാക്കിയത്. റഷ്യൻ പ്രസിഡന്റ് പുടിന്റെ അടുത്ത സുഹൃത്തും റഷ്യൻ ശതകോടീശ്വരനുമായ യെവ്ഗിനി പ്രിഗോഷിനാണു വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ. പുടിന്റെ പാചകക്കാരൻ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. ഹോട്ടൽ ബിസിനസിലൂടെയാണ് ഇയാൾ ഉയരങ്ങൾ കീഴടക്കിയത്.
സൈന്യവുമായുള്ള തർക്കത്തിനിടെ ഉക്രെയ്‌നിലെ ബഖ്മുട്ടിലെ വാഗ്‌നർ പരിശീലന ക്യാമ്പിന് നേരെയുണ്ടായ മിസൈൽ ആക്രമണമാണ് ഇവർക്കിടയിൽ സംഘർഷം കൂട്ടാൻ കാരണമാക്കിയത്. റഷ്യൻ സേനയാണ് ആക്രമണം നടത്തിയതെന്ന് കുറ്റപ്പെടുത്തിയ പ്രിഗോഷിൻ റഷ്യൻ സേനക്ക് എതിരെ കലാപാഹ്വാനം നടത്തുകയായിരുന്നു. ഇതോടെ പ്രിഗോജിനെതിരെ കലാപം ആരോപിച്ച് റഷ്യ നടപടി തുടങ്ങിയതോടെ പ്രശ്‌നം ഇരുസൈന്യവും തമ്മിലുള്ള സായുധ കലാപത്തിലേക്ക് എത്തുകയായിരുന്നു.
ലോകമെമ്പാടും റഷ്യയെ നേരിട്ടോ അല്ലാതെയോ അനുകൂലിക്കുന്ന ഒരു റഷ്യൻ സ്വകാര്യ സൈനിക കമ്പനിയാണ് വാഗ്‌നർ ഗ്രൂപ്പ്. 2013 ലാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. 2022 ൽ, ഈ ഗ്രൂപ്പ് ഒരു കമ്പനിയായി രജിസ്റ്റർ ചെയ്തു. അതിന്റെ ആസ്ഥാനം സെന്റ് പീറ്റേഴ്‌സ്ബർഗിലാണ്.