ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് ആമസോണും ഗൂഗ്‌ളും

വാഷിംഗ്ടണ്‍- ആമസോണ്‍, ഗൂഗ്ള്‍ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആമസോണും ഗൂഗ്‌ളും പ്രഖ്യാപനം നടത്തിയത്. 

മൈക്രോസോഫ്റ്റ് സി. ഇ. ഒ സത്യ നാദെല്ല, ആമസോണ്‍ സി. ഇ. ഒ ആന്‍ഡി ജാസി, ആപ്പിള്‍ സി. ഇ. ഒ ടിം കുക്ക്, ഓപ്പണ്‍എഐ സി. ഇ. ഒ സാം ആള്‍ട്ട്മാന്‍ തുടങ്ങി നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ സി. ഇ. ഒമാരുമായി യു. എസ് പര്യടനത്തില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് കമ്പനികളും നിക്ഷേപം പ്രഖ്യാപിച്ചത്. 

ഇ -കോമേഴ്‌സ് ഭീമന്മാരായ ആമസോണ്‍ 2030ഓടെ ഇന്ത്യയില്‍ മൊത്തം 2600 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണു സി. ഇ. ഒ ആന്‍ഡി ജാസി ട്വിറ്ററില്‍ കുറിച്ചത്. ഈ നിക്ഷേപം ഓരോ വര്‍ഷവും ഇന്ത്യന്‍ ബിസിനസില്‍ ശരാശരി 1,31,700 തൊഴിലവസരങ്ങള്‍ക്കു വഴിയൊരുക്കുമെന്നും കമ്പനി പറയുന്നു.

സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗ്ള്‍ തങ്ങളുടെ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ഗുജറാത്തില്‍ ആരംഭിക്കുമെന്ന് അറിയിച്ചു. ഗൂഗ്ള്‍ ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി സി. ഇ. ഒ സുന്ദര്‍ പിച്ചെ പറഞ്ഞു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ തുറക്കുക.

Latest News