തൊപ്പിക്കാര്യം കൗമാരത്തിന്റെ രാഷ്ട്രീയം

ശൈശവം, ബാല്യം, യൗവനം, വാർദ്ധക്യം  മനുഷ്യ ജീവിതത്തിന്റെ ചാക്രികതയാണ്. ഓരോന്നിലും ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ വൈജാത്യം നിറഞ്ഞവയാണ്. പകർന്നാടുന്ന വേഷങ്ങൾ വിപുലമാണ്. ഇടപെടേണ്ട രീതികളിലും വൈജാത്യമുണ്ട്. അവ മനസിലാക്കുകയും ജീവിതമെന്ന ലഹരി ആസ്വദിക്കുകയും ചെയ്യുക. അതൊരു കലയാണ്, ശാന്തിയാണ്, സമാധിയാണ്. ഓരോ വീട്ടകവും ജാഗ്രതയോടെ വേണം തങ്ങളുടെ കുട്ടികൾക്ക് അഭയമൊരുക്കാൻ.

 

പതിനെട്ടിന് താഴെ പ്രായമുള്ളവരെയാണ് യു.എൻ, 'ബാലൻ' എന്ന ഗണത്തിൽ പെടുത്തുന്നത്. നിഷ്‌കളങ്കമായ ശൈശവത്തിലൂടെയും കുസൃതിനിറഞ്ഞ ബാല്യ കൗമാരങ്ങളിലൂടെയും കടന്നിട്ടാണ് സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുന്ന യൗവനമെന്ന സുദീർഘ ചക്രത്തിലേക്ക് മനുഷ്യ ജീവിതം പരകായം ചെയ്യുന്നത്. ജീവിതത്തിന്റെ അർഥം കണ്ടെത്തുന്നതും പ്രയോഗവൽക്കരിക്കുന്നതും യൗവനത്തിലാണ്. എന്നാൽ  നിലമൊരുക്കുന്നതും നിലപാട് രൂപീകരിക്കുന്നതും വേദാന്തങ്ങൾ ചമയ്ക്കുന്നതും കൗമാരത്തിലാണ്. ആയതിനാൽ നമ്മുടെ മക്കളുടെ വളർച്ചയിലെ ചാലകശക്തിയാവാൻ ഓരോരുത്തരും കാലത്തിനൊപ്പിച്ച് വളരേണ്ടതുണ്ട്. അല്ലായെങ്കിൽ വിപൽകരമായ ഒരു യുഗം കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പ് അതിശക്തമായി നമ്മുടെ മുന്നിലുണ്ട്.

വീട് തന്നെയാണ് കുട്ടിയുടെ ഏറ്റവും മികച്ച കലാലയം. 'ഓരോ വീടും ഒരു സർവ്വകലാശാലയാണ്, മാതാപിതാക്കൾ അധ്യാപകരാണ്' എന്ന ഗാന്ധിജിയുടെ വാക്കുകൾ കാലാതിവർത്തിയായി നിലനിൽക്കും. തൊപ്പിയിൽനിന്നും കുപ്പിയിൽനിന്നും പട്ടിയിൽനിന്നും അവരെ രക്ഷിക്കേണ്ടതുണ്ട്. കാണുന്നത്, കേൾക്കുന്നത്, ചേരുന്നത്, അനുഭവിക്കുന്നത് എല്ലാം മൂല്യാധിവർത്തിയായില്ലെങ്കിൽ വരും തലമുറ അരാജകത്വത്തിലേക്കാണ് പോവുക. ശാസനയും ശിക്ഷണവും മസ്തിഷ്‌ക്ക പ്രക്ഷാളനവുമാണ് 'നേർവഴി' എന്ന തെറ്റായ സമീപനമാണ് പല മാതാപിതാക്കൾക്കും. കുട്ടികൾ മാനസികമായും വൈജ്ഞാനികമായും തങ്ങളേക്കാൾ പിറകിലാണെന്നും ഇക്കൂട്ടർ മനസിലാക്കുന്നു. എന്നാൽ പുതിയ തലമുറ പഴയ തലമുറയെക്കാൾ ഒരുപാട് മുന്നിലാണെന്നതാണ് വസ്തുത. ഈ സത്യത്തോട് രക്ഷിതാക്കൾ പൊരുത്തപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന നിമിഷം മുതലാണ് യഥാർഥ പാരന്റിംഗ് ആരംഭിക്കുന്നത്. ഇന്നത്തെ തലമുറ വികൃതസ്വരൂപരാകാൻ വീടാണ് അവസരം നൽകിയതെന്ന അറിവ് ആർജ്ജിക്കേണ്ടത് രക്ഷിതാക്കളാണ്.

നമ്മുടെ കുട്ടികൾ ദൈവത്തിന്റെ മക്കളാണ്. നമ്മുടെ കൈകളിൽ സംരക്ഷണാവകാശം നൽകപ്പെട്ടവർ. അറിവുനേടി നന്മയുടെ കെടാവിളക്കായി, ദീപശിഖയായി ഇരുളിനെ വകഞ്ഞുമാറ്റാൻ കൽപ്പാന്തകാലത്തോളം ഭൂമിയിൽ അവരുണ്ടാകും; അതാണ് സങ്കൽപ്പം. അതിനാൽത്തന്നെ, അറിവ് ഉപാസിക്കലായിരുന്നു. പകർന്നുനൽകുന്ന വിജ്ഞാനം, അധ്യാപകനെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളും അമൂല്യമായ അമൃതേത്തായി കണക്കാക്കപ്പെടുന്നതുമായിരുന്നു. ചില അളവുകോലുകൾ തെറ്റുന്നു. നാട്ട തന്നെ വളയുന്നു. തീക്കട്ടക്ക് മുകളിലൂടെ ഉറുമ്പരിക്കുന്ന അനുഭവത്തിന് നാം സാക്ഷിയാകുന്നു. അത്യുന്നതമായി വിരാജിച്ചിടത്ത് മാനുഷഭാവങ്ങൾ തമസ്‌കൃതമായിപ്പോയോ എന്നൊരു തോന്നൽ.

വിദ്യാർഥികൾ ഗുരുനാഥരുടെ കരങ്ങളിൽ സുരക്ഷിതരായിരുന്ന ഒരു നല്ല കാലം ഉണ്ടായിരുന്നു. ഇപ്പോളതില്ല. അവരുടെ ലോകം പൂർണാർത്ഥത്തിൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുകയാണ്. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കടക്കം ഇൻസ്റ്റാഗ്രാമും ടിക്ടോകും അതിലൂടെയുള്ള അജ്ഞാത സൗഹൃദലോകവും ഉണ്ട്. ഏറ്റവും കൂടുതൽ സമയവും ശ്രദ്ധയും ഈ വെർച്യുൽ ലോകത്താണ് ചെലവിടുന്നത്. ആയതിനാൽ അവരുടെ ചിന്താമണ്ഡലം തന്നെയും വെർച്യുൽ റിയാലിറ്റിയാണ്, യഥാർത്ഥ ലോകമല്ല. അതിൽനിന്ന് അവരെ രക്ഷപ്പെടുത്തേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. പട്ടിയേക്കാൾ അപകടമാണ് തൊപ്പികൾ വരുത്തുന്നത്. ശാരീരിക മുറിവുകൾ പ്രായേണ സുഖം പ്രാപിക്കുമെങ്കിൽ മനസ്സിലും മസ്തിഷ്‌കത്തിലും കുട്ടിക്കാലത്ത് വേരൂന്നിയ വൈകൃത ചിന്തകൾ അവരിൽ വിലക്ഷണത സൃഷ്ടിക്കും.

കുട്ടികളുടെ ആഗ്രഹങ്ങളും ചിന്തകളും മനസ്സിലാക്കാൻ കഴിയുകയെന്നതാണ് മാതാപിതാക്കളുടെ കടമ. വാത്സല്യം എന്ന വികാരമാണ് അതിനുള്ള മാർഗം. വൽസം എന്ന് പറയപ്പെടുന്നത് വിഷ്ണുവിനെയാണ്. വാത്സല്യം ദൈവികമാണ്. ഹൃദയത്തോട് ചേർത്തും ഹൃദയഹാരിയുമാവണം ബന്ധങ്ങൾ. അതിന് തടസ്സമാകുന്ന എന്തിനെയും നിയന്ത്രിക്കുവാനുള്ള ശക്തി സമാഹരിക്കേണ്ടത് മാതാപിതാക്കളുടെ കർത്തവ്യമാണ്. മക്കളെ മറ്റുള്ള കൂട്ടുകാരുമായും സഹപാഠികളുമായും താരതമ്യം ചെയ്യുന്ന ദുഷ്പ്രവണത വ്യാപകവുമായുണ്ട്. 'മറ്റാരേക്കാളും' തന്റെ മകൻ മേലെയാവണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടിയിട്ട് സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നവരുണ്ട്. അത്യന്തം അപകടകരമാണ് ഈ പ്രവണത.

കമ്മ്യൂണിക്കേഷൻ അഥവാ ആശയവിനിമയം ശരിയാംവണ്ണം വീടിനകത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികൾ എമ്പാടും സ്വപ്നം കാണുന്നവരാണ്. ജീവിതഗന്ധിയായ, നിഷ്ഫലമാവരുതെന്ന് ആശിക്കുന്ന ആശയങ്ങൾ അവർക്കുണ്ട്. അവയെ അവർ താലോലിക്കുകയും ചെയ്യും. ഈ സ്വപ്നക്കൂടുകളിൽ നിന്നാണ് രക്ഷിതാക്കൾ സംവദിക്കേണ്ടത്. ആശയവിനിമയം പൂർണരീതിയിൽ നടക്കുകയാണ് മനുഷ്യമനസ്സിന്റെ ആശ്വാസമടയുമെന്നത്. നമ്മെക്കാൾ, നമ്മുടെ മൂല്യങ്ങളേക്കാൾ അവരുടെ ഇഷ്ടങ്ങൾ മറികടക്കുന്ന സന്ദർഭങ്ങളുണ്ട്. അത്തരം വിഷയങ്ങളിൽ അവരെ കേൾക്കുകയും ബോധ്യമാവുന്ന വിധം തിരുത്തലുകൾ നടത്തുകയും വേണം. തൊപ്പിയുടെ അവസ്ഥ എല്ലാവർക്കും പാഠമാണ്.

മക്കൾ മാതാപിതാക്കളിൽ ഏൽപ്പിക്കപ്പെട്ട നിധികുംഭങ്ങളാണ്. രക്ഷിതാക്കളുടെ അധികാരപരിധിയിലുള്ള അടിമത്വമല്ല. ഖലീൽ ജിബ്രാന്റെ നിരീക്ഷണം ഏറെ പ്രസക്തമാണ്. 'അല്ല, നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല. നിലനിൽക്കാനുള്ള      ജീവന്റെ ദാഹത്തിൽനിന്നും പൊടിച്ച പുത്രന്മാരും പുത്രിമാരുമാണ് അവർ. അവർ നിങ്ങളിലൂടെ  വന്നു. എന്നാൽ, നിങ്ങളിൽനിന്നല്ല. നിങ്ങളുടെ ചാരെ ഇരിക്കുമ്പോഴും അവർ നിങ്ങളുടേതല്ല. അവർക്ക് സ്‌നേഹം നൽകുക, പക്ഷേ നിങ്ങളുടെ ചിന്തകളാകരുത്. കാരണം, അതവരിൽ എമ്പാടുമുണ്ട്. നിങ്ങൾക്ക് അവരുടെ ശരീരങ്ങളെ പാർപ്പിക്കാം, പക്ഷേ അവരുടെ ആത്മാവല്ല. എന്തെന്നാൽ നാളെയുടെ വീട്ടിൽ പാർക്കേണ്ടവരാണവർ. വിദൂരമായൊരു കിനാവിന്റെ അംഗുലിസ്പർശം പോലുമേൽക്കാത്ത വിധത്തിൽ അകലെ, അകലെയാണവരുടെ വീട്....'  

അതിതീവ്രമായ ലഹരികൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ചൂഷകരായ മനോവൈകൃതക്കാരുടേയും  കച്ചവടക്കാരുടേയും കണ്ണികൾ നാടുനീളെ നിറഞ്ഞിരിക്കുകയാണ്. ജീവിതം തകർത്തുകളയുന്ന മാരക ലഹരികളാണ് മിക്കതും. ജാഗ്രതയോടെ ഇതിനെ നേരിടേണ്ടതുണ്ട്. രക്ഷിതാക്കൾക്ക് തന്നെയാണ് ഒന്നാമത്തെ ഉത്തരവാദിത്തം. സ്വഭാവരീതികളിലും  ശീലങ്ങളിലുമുള്ള മാറ്റത്തിലൂടെ ഒരു പരിധിവരെ ഇത് കണ്ടെത്താനാകും. അതിനായി അവരുമായുള്ള സംസാരം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ദിവസത്തിൽ ഒരു നേരമെങ്കിലും വീട്ടിലെ എല്ലാവരും ഒരുമിച്ച് തീന്മേശയിൽ ഒന്നിച്ചിരിക്കണം. സ്വന്തം പിതാവിനോട് തെറ്റിയിട്ട് പത്ത് വർഷമായി എന്ന് പ്രഖ്യാപിച്ച ഒരു യുവാവിനെയാണ് മലയാള നാട്ടിലെ കൗമാരക്കാർ ആരാധിക്കുന്നത്. ഇത്ര ഭയാനകമാംവിധം നമ്മുടെ കുട്ടികൾ മാറുന്നതിന്റെ രസതന്ത്രം രക്ഷിതാക്കളിൽ തന്നെയാണ് തിരയേണ്ടത്.  
ശൈശവം, ബാല്യം, യൗവനം, വാർദ്ധക്യം  മനുഷ്യ ജീവിതത്തിന്റെ ചാക്രികതയാണ്. ഓരോന്നിലും ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ വൈജാത്യം നിറഞ്ഞവയാണ്. പകർന്നാടുന്ന വേഷങ്ങൾ വിപുലമാണ്. ഇടപെടേണ്ട രീതികളിലും വൈജാത്യമുണ്ട്. അവ മനസിലാക്കുകയും ജീവിതമെന്ന ലഹരി ആസ്വദിക്കുകയും ചെയ്യുക. അതൊരു കലയാണ്, ശാന്തിയാണ്, സമാധിയാണ്. ഓരോ വീട്ടകവും ജാഗ്രതയോടെ വേണം തങ്ങളുടെ കുട്ടികൾക്ക് അഭയമൊരുക്കാൻ.

Latest News