പ്രതിപക്ഷ ഐക്യസമ്മേളനം ഉയർത്തുന്ന പ്രതീക്ഷകൾ

എന്തായാലും ഒരു കാര്യം ഉറപ്പാണ്. പട്‌നയിൽ നടന്ന പ്രതിപക്ഷ ഐക്യ സമ്മേളനം വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്കാണ് വഴിയൊരുക്കിയിട്ടുള്ളത്. വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഈ ഐക്യത്തെ നോക്കിക്കാണുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി അധികാരത്തിന്റെ പടികൾ ഇറങ്ങുന്നത് വരെയെങ്കിലും ഈ ഐക്യത്തിൽ വിള്ളലുകളുണ്ടാകാതെ നിലനിർത്തേണ്ടത് അതിന് നേതൃത്വം കൊടുക്കുന്നവരുടെ ബാധ്യതയാണ്.

അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണി നിരത്തുകയെന്ന അജണ്ട മുൻനിർത്തി പ്രതിപക്ഷ കക്ഷികൾ ബീഹാറിലെ പട്‌നയിൽ ഒത്തുചേർന്നിരിക്കുകയാണ്. പ്രതിപക്ഷ ഐക്യ സമ്മേളനം എന്ന് വിളിക്കപ്പെട്ട ഈ ശക്തി തെളിയിക്കൽ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്. നരേന്ദ്ര മോഡിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കത്തിന്റെ ആദ്യ പടിയായിത്തന്നെ പട്‌നയിൽ നടന്ന പ്രതിപക്ഷ ഐക്യ സമ്മേളനത്തെ കാണേണ്ടതുണ്ട്. പ്രധാന പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം തന്നെ യോഗത്തിനെത്തി പരസ്പരം ആശയവിനിമയങ്ങൾ നടത്തിയെന്നത് ആശാവഹമായ സംഗതിയാണ്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ പൊതു മിനിമം പരിപാടി രൂപപ്പെടുത്താനുള്ള ആദ്യപടി മാത്രമാണ് പട്‌നയിലെ യോഗമെന്നും തുടർ യോഗങ്ങളിലാകും ഇക്കാര്യത്തിൽ വ്യക്തത കൈവരികയെന്നുമാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്.
പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം ഒരേ വേദിയിൽ എത്തിക്കാനായത് തന്നെ വലിയ കാര്യമാണ്. സംസ്ഥാന തലങ്ങളിൽ പരസ്പരം ശത്രുത പുലർത്തുന്ന പാർട്ടികൾ ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി അണി നിരക്കുന്നുവെന്നത് പോസിറ്റിവിറ്റിയാണ് പ്രദാനം ചെയ്യുന്നത്. ബി.ജെ.പിയെ താഴെയിറക്കാൻ പ്രതിപക്ഷ ഐക്യത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂവെന്നും പരസ്പരം പോരടിക്കുന്നത് ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും തുടർഭരണം ഒരുക്കുന്നതിന് കാരണമാകുമെന്ന തിരിച്ചറിവ് തന്നെയാണ് പ്രതിപക്ഷ ഐക്യത്തിന്റെ ആണിക്കല്ല്. ഇതിനു വേണ്ടിയുള്ള ചർച്ചകളും യോഗങ്ങളുമെല്ലാം തകൃതിയായി നടക്കുമ്പോഴും ഇത് പ്രായോഗിക തലത്തിൽ എത്തിക്കുകയെന്നത് അത്ര എളുപ്പമല്ല. പ്രാദേശിക തലത്തിൽ പോരടിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ദേശീയ തലത്തിൽ ഒന്നിച്ച് നിൽക്കണമെങ്കിൽ വലിയ തോതിലുള്ള വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരും. ഈഗോ മാറ്റിവെയ്‌ക്കേണ്ടി വരും. പരസ്പരം വിശ്വാസത്തിലെടുത്തു മുന്നോട്ട് നീങ്ങേണ്ടി വരും. പ്രതിപക്ഷ ഐക്യത്തോട് ആത്മാർത്ഥമായ കൂറ് പുലർത്താൻ എത്ര പാർട്ടികൾക്ക് കഴിയുമെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രതിപക്ഷ ഐക്യത്തിന്റെ വിജയം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് ഭരണ മുന്നണിക്ക് രൂപം നൽകുന്നതുപോലെ അത്ര എളുപ്പമല്ല, തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത്. അതിന് അസാമാന്യമായ വിൽ പവർ ഉണ്ടാകണം. പരസ്പരമുള്ള വിട്ടുവീഴ്ചകൾ തന്നെയാണ് അതിന്റെ ആണിക്കല്ല്. ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനങ്ങൾ നടക്കുമ്പോഴും കാര്യത്തോടടുക്കുമ്പോൾ പ്രതിപക്ഷത്തെ എത്ര കക്ഷികൾക്ക് ആത്മാർത്ഥത പ്രകടിപ്പിക്കാൻ കഴിയുമെന്നതാണ് പ്രശ്‌നം. പട്‌നയിൽ നടത്തിയ പ്രതിപക്ഷ ഐക്യ സമ്മേളനം പ്രാഥമികമായ ഒരു കൂടിച്ചേരൽ മാത്രമാണ്. ഇപ്പോഴുള്ള അതേ ആവേശം തെരഞ്ഞെടുപ്പ് വരെ കെടാതെ സൂക്ഷിക്കാനുള്ള ഊർജ്ജമാണ് ഉണ്ടാകേണ്ടത്.
പ്രതിപക്ഷ ഐക്യത്തിന്റെ പേരിൽ ബലിയാടാകുന്നുവെന്ന തോന്നൽ ഒരു കക്ഷിക്കും ഉണ്ടാകാതിരിക്കുകയാണ് ആദ്യം വേണ്ടത്. ഐക്യത്തിന് വേണ്ടി തുല്യമായ രീതിയിൽ വിട്ടുവീഴ്ച ചെയ്യേണ്ടതും പരമപ്രധാനമാണ്. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി നിലകൊള്ളുമ്പോൾ സംസ്ഥാന തലങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന രണ്ട് പാർട്ടികൾ തമ്മിൽ തെരഞ്ഞെടുപ്പിൽ ഐക്യം നിലനിർത്തുകയെന്നത് എളുപ്പമല്ല. പ്രതിപക്ഷത്തുള്ള മിക്ക പാർട്ടികളുടെയും രാഷ്ട്രീയമായ നിലനിൽപ്പ് പ്രാദേശിക തലത്തിലാണ്. ദേശീയ ഐക്യത്തിന്റെ പേര് പറഞ്ഞ് അതിനെ കളഞ്ഞ് കുളിക്കാൻ പ്രാദേശിക പാർട്ടികൾക്ക് കഴിയില്ല. 
കേരളത്തിന്റെ കാര്യം തന്നെയെടുക്കാം. ഭരണപക്ഷത്തുള്ള ഇടതു മുന്നണിയിലെ സി പി എം, സി പി ഐ, കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാണ്. അതേപോലെ പ്രതിപക്ഷത്തു നിന്ന് കോൺഗ്രസും മുസ്‌ലിം ലീഗും അടക്കമുള്ള ഘടകകക്ഷികളും ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിനായി യോജിക്കുന്നു. എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ പരസ്പരം പോരടിച്ച് പരമാവധി സീറ്റുകൾ നേടാനാണ് ഇരു മുന്നണികളും ശ്രമം നടത്തുക. അല്ലാത്തപക്ഷം അവർക്ക് രാഷ്ട്രീയമായ നിലനിൽപ്പുണ്ടാകില്ല. ഇത് തന്നെയാണ് മിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി. അതുകൊണ്ട് തന്നെ സ്വന്തം സംസ്ഥാനങ്ങളിൽ പരസ്പരം പോരടിക്കുകയും ദേശീയ തലത്തിൽ ഒന്നിച്ച് നിൽക്കുകയും ചെയ്യുകയെന്ന ദ്വിമുഖ പ്രവർത്തന രീതിയാണ് ഈ രാഷ്ട്രീയ കക്ഷികൾക്ക് പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി ഏറ്റെടുക്കാനുള്ളത്. അതിന് വലിയ ഹോംവർക്ക്  ഓരോ കക്ഷികളും നടത്തേണ്ടി വരും. യോഗം കൂടി പിരിയുന്ന രീതിയിൽ എളുപ്പമാകില്ല ഗ്രൗണ്ട് റിയാലിറ്റി. അതിന് വലിയ രീതിയിൽ തന്നെ കളമൊരുക്കേണ്ടി വരും. പാർട്ടി പ്രവർത്തകരെയും സംഘടനാ സംവിധാനത്തെയും ആ രീതിയിലേക്ക് മാറ്റിയെടുക്കേണ്ടി വരും. ഇത്തരത്തിലുള്ള നിരവധി റിസ്‌കുകൾ അഭിമുഖീകരിക്കാൻ തയ്യാറായാൽ മാത്രമേ തെരഞ്ഞെടുപ്പിന് മുൻപുള്ള പ്രതിപക്ഷ ഐക്യം എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുകയുള്ളൂ. അല്ലാത്ത പക്ഷം ഇതിന്റെ ചങ്ങല കണ്ണികൾ പൊട്ടിപ്പോകും. അത് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക.
പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള നീക്കങ്ങൾ ശക്തമായി നടക്കുമ്പോൾ ബി.ജെപിയും അവരുടെ കൂട്ടാളികളുമൊന്നും വെറുതെയിരിക്കുമെന്ന് കരുതരുത്. അടുത്ത തെരഞ്ഞെടുപ്പിൽ അവർ എറ്റവും കൂടുതൽ ഭയക്കുന്നത് പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തെയാണ്. പ്രതിപക്ഷത്ത് അനൈക്യം ഉണ്ടായാൽ മാത്രമേ തുടർഭരണത്തിന് സാധ്യതയുള്ളൂവെന്ന് നരേന്ദ്ര മോഡിയും അമിത്ഷായുമെല്ലാം തിരിച്ചറിയുന്നുണ്ട്. അതിന്റെ വെപ്രാളം അവരിൽ പ്രകടവുമാണ്.  വർഗീയതയെ അമിതമായ തോതിൽ അഴിച്ചു വിടുകയും പ്രതിപക്ഷത്ത് കടുത്ത വിള്ളലുണ്ടാക്കുകയുമാണ് അടുത്ത തെരഞ്ഞെടുപ്പിലെ അവരുടെ പ്രധാന അജണ്ട. 
ഇപ്പോഴത്തെ രഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമല്ലെന്ന ബോധ്യം ബി.ജെ.പിക്കും മറ്റ് സംഘപരിവാർ കക്ഷികൾക്കുമുണ്ട്. അതിനെ മറി കടക്കാൻ അവർ ഏതറ്റം വരെയും പോകും, ഏത് കുതന്ത്രങ്ങളും പ്രയോഗിക്കും. അതിനെയെല്ലാം മറി കടന്ന് വേണം പ്രതിപക്ഷത്തിന് ഒത്തൊരുമ പ്രകടിപ്പിക്കാൻ. വലിയൊരു ടാർഗറ്റ് തന്നെയാണ് പ്രതിപക്ഷ കക്ഷികൾ ഏറ്റെടുക്കേണ്ടത്. കൂടെയുള്ളവർ പോകാതെ നോക്കുകയും വേണം ബി.ജെ.പിയോട് പോരടിക്കുകയും വേണം.
പ്രതിപക്ഷ ഐക്യത്തിൽ ഉൾപ്പെടാത്തതോ, പ്രതിപക്ഷ മുന്നണിയിൽ നിന്ന് പോരടിച്ച് പുറത്തുപോരുകയോ ചെയ്യുന്ന പാർട്ടികളെയല്ലാം തങ്ങളുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ ഉൾപ്പെടുത്തുകയായിരിക്കും ബി.ജെ.പി നേതൃത്വം ആദ്യം ചെയ്യുക. അവരുടെ മോഹനവാഗ്ദാനങ്ങളിൽ വീണ് പ്രതിപക്ഷ സഖ്യത്തിൽ നിന്ന് പുറത്തു പോകുന്നവരുമുണ്ടാകും. പ്രതിപക്ഷ നിരയിൽ ഇപ്പോഴുള്ള കക്ഷികളിൽ ചിലരെങ്കിലും കടുത്ത ബി.ജെ.പി വിരുദ്ധതയുടെ പേരിൽ ഒന്നിച്ചവരല്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും തന്നെയാണ് അവർ എക്കാലവും പ്രാധാന്യം നൽകുന്നത്. പലരും ഇതിന് മുൻപ് ബി.ജെ.പി പാളയത്തേിലേക്ക് പോയിട്ടുള്ളവരുമാണ്. മികച്ച ഓഫർ ആരു നൽകിയാലും അത് സ്വീകരിക്കാൻ തയ്യാറാകുന്നവരുണ്ട്. കോട്ടകെട്ടി അവരെ ഒപ്പം നിർത്തുകയെന്നതാണ് പ്രതിപക്ഷ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നവർക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. പട്‌നയിൽ നടന്ന പ്രതിപക്ഷ ഐക്യ സമ്മേളനം വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്കാണ് വഴിയൊരുക്കിയിട്ടുള്ളത്. വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഈ ഐക്യത്തെ നോക്കിക്കാണുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി അധികാരത്തിന്റെ പടികൾ ഇറങ്ങുന്നത് വരെയെങ്കിലും ഈ ഐക്യത്തിൽ വിള്ളലുകളുണ്ടാകാതെ നിലനിർത്തേണ്ടത് അതിന് നേതൃത്വം കൊടുക്കുന്നവരുടെ ബാധ്യതയാണ്.
 

Latest News