Sorry, you need to enable JavaScript to visit this website.

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ബലി കൂപ്പണ്‍ വില്‍പന; യുവാവ് അറസ്റ്റില്‍

മക്ക - സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ ബലി കൂപ്പണുകള്‍ വില്‍പന നടത്തിയ സൗദി യുവാവിനെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ബലി കൂപ്പണുകളും സീലുകളും വ്യാജ ബലി കൂപ്പണ്‍ വില്‍പനയിലൂടെ നേടിയ പണത്തില്‍ ഒരു ഭാഗവും പ്രതിയുടെ പക്കല്‍ കണ്ടെത്തി. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
മറ്റുള്ളവര്‍ക്കു വേണ്ടി ഹജ് കര്‍മം നിര്‍വഹിച്ച് നല്‍കല്‍ (ബദല്‍ ഹജ്), വ്യാജ ഹജ് സ്ഥാപനങ്ങള്‍, ഹാജിമാര്‍ക്കു വേണ്ടി ബലി കര്‍മം നിര്‍വഹിക്കല്‍-ബലി മാംസം വിതരണം ചെയ്യല്‍, ഹജ് വളകളുടെ വില്‍പന, പുണ്യസ്ഥലങ്ങളിലേക്ക് പോകാന്‍ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവയെ കുറിച്ച വ്യാജ ഹജ് സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പരസ്യങ്ങളില്‍ കുടുങ്ങുന്നതിനെതിരെ പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകള്‍ക്ക് ശ്രമിച്ച് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പരസ്യങ്ങളെ കുറിച്ചും വ്യാജ ഹജ് സ്ഥാപനങ്ങളെ കുറിച്ചും മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ ബലി കൂപ്പണ്‍ നിരക്ക് 720 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. കൂപ്പണ്‍ വില്‍പനക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി വെബ്‌സൈറ്റ് (ംംം.മറമവശ.ീൃഴ) വഴിയും ഹജ് തീര്‍ഥാടകര്‍ക്കുള്ള ഇ-ട്രാക്ക് വഴിയും ചാരിറ്റബിള്‍ സൊസൈറ്റികളുടെ പ്ലാറ്റ്‌ഫോമുകള്‍ വഴിയും സൗദി പോസ്റ്റ് വഴിയും ചില ബാങ്കുകള്‍ വഴിയും അല്‍ഉഥൈം സ്റ്റോര്‍ ശാഖകള്‍ വഴിയും ആഭ്യന്തര ഹജ് സര്‍വീസ് കമ്പനി ഏകോപന സമിതി വഴിയും കൂപ്പണുകള്‍ വാങ്ങാന്‍ സാധിക്കും. ഈ വര്‍ഷം പത്തു ലക്ഷത്തിലേറെ കൂപ്പണുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കു കീഴില്‍ ആടുകളെ ബലിയറുക്കാന്‍ ഏഴു കേന്ദ്രങ്ങളും ഒട്ടകങ്ങളെയും പശുക്കളെയും ബലിയറുക്കാന്‍ ഒരു കേന്ദ്രവുമാണ് പുണ്യസ്ഥലങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

 

Latest News