ജിദ്ദ എയര്‍പോര്‍ട്ടില്‍ ഒറ്റ ദിവസം ഒന്നര ലക്ഷത്തിലേറെ യാത്രക്കാര്‍

ജിദ്ദ - ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. കഴിഞ്ഞ വ്യാഴാഴ്ച 900 വിമാന സര്‍വീസുകളില്‍ 1,51,000 ലേറെ യാത്രക്കാരെ ജിദ്ദ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ 88,300 ലേറെ യാത്രക്കാരെയും നോര്‍ത്ത് ടെര്‍മിനലില്‍ 19,700 ലേറെ യാത്രക്കാരെയും ഹജ് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ 43,000 ലേറെ യാത്രക്കാരെയുമാണ് സ്വീകരിച്ചത്.
വ്യാഴാഴ്ച 96,000 യാത്രക്കാര്‍ ജിദ്ദ വിമാനത്താവളത്തിലെത്തുകയും 55,000 യാത്രക്കാര്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നുള്ള സര്‍വീസുകളില്‍ ജിദ്ദ വിടുകയും ചെയ്തു. വ്യാഴാഴ്ച ജിദ്ദയിലേക്ക് വന്നവരും ജിദ്ദ വിട്ടവരുമായി 1,15,000 അന്താരാഷ്ട്ര യാത്രക്കാര്‍ ജിദ്ദ വിമാനത്താവളം ഉപയോഗിച്ചതായും ജിദ്ദ എയര്‍പോര്‍ട്ട് അറിയിച്ചു. ഇത്തവണ ജിദ്ദ വിമാനത്താവളം വഴി എട്ടു ലക്ഷത്തിലേറെ വിദേശ ഹാജിമാര്‍ എത്തിയിട്ടുണ്ട്.

 

 

Latest News