തിരുവനന്തപുരം- എല്ലാ ഇടതു പാർട്ടികളേയും എൽ.ഡി.എഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി. ഇപ്പോൾ യു.ഡി.എഫിലുള്ള ആർ.എസ്.പിയെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചെങ്കിലും അവർ വരാൻ തയ്യാറല്ല. എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആർ.എസ്.പിയെയും മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ തയ്യാറായത്. ദേശീയ തലത്തിൽ ഇടതു പാർട്ടികളുടെ ഐക്യമുണ്ടാകണമെന്ന നിലപാടിന്റെ തുടർച്ചയായിട്ടായിരുന്നു ഇത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആർ.എസ്.പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി. എന്നാൽ അവർ അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയത് സി.പി.എമ്മിന് തിരിച്ചടിയായി. എൽ.ഡി.എഫ് പ്രവേശനം കാത്ത് നിൽക്കുന്ന കക്ഷികൾ ഏറെയാണ്. എൽ.ഡി.എഫ് പ്രവേശം സംഭവിക്കുമെന്നാണ് കേരളാ കോൺഗ്രസ് ബി നേതാവ് ആർ.ബാലകൃഷ്ണപിള്ള പറഞ്ഞത്. എന്നാൽ പിള്ളയെ മുന്നണിയിൽ എടുക്കുന്നതിനോട് സി.പി.എമ്മിൽ എതിർപ്പുണ്ട്. വി.എസ്.അച്യുതാനന്ദൻ ഈ നീക്കത്തെ ശക്തമായി തടയുകയാണ്. ബാലകൃഷ്ണപിള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിൽക്കുകയായിരുന്നു. പത്തനാപുരത്ത് നിന്ന് കെ.ബി.ഗണേഷ് കുമാർ വിജയിച്ചെങ്കിലും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല. പകരം ആർ.ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയിൽ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കുകയായിരുന്നു. കേരളാ കോൺഗ്രസ് ബിയുടെ അപേക്ഷ എൽ.ഡി.എഫിന് നൽകിയിട്ടുണ്ട്. എന്നാൽ അതിൽ തീരുമാനമുണ്ടാകാനിടയില്ല.
എൽ.ഡി.എഫിന്റെ അടിത്തറ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ശക്തിപ്പെടുത്തണമെന്നാണ് തീരുമാനം. കെ.എം.മാണിയെ കൂടി മുന്നണിയിൽ കൊണ്ടുവരുന്നതിന് ശ്രമിച്ചെങ്കിലും സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന് നടക്കാതെ പോയി. എന്നാൽ ഐ.എൻ.എൽ, സി.എം.പി, കോവൂ ർ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർ.എസ്.പി എന്നിവരെല്ലാം ഇടതുമുന്നണി പ്രവേശം കാത്ത് നിൽക്കുകയാണ്.
ദേശീയ തലത്തിൽ ഇടതുപക്ഷ പാർട്ടികളുടെ ഐക്യത്തിന് ശ്രമിക്കുമ്പോൾ കേരളത്തിൽ ഫോർവേഡ് ബ്ലോക്കിനെ ഉൾപ്പെടുത്തിയിട്ടില്ല. എൽ.ഡി.എഫിൽ ചേർക്കണമെന്ന ആവശ്യവുമായി ഫോർവേഡ് ബ്ലോക്ക് ദീർഘകാലം കാത്തുനിന്നു. ഒടുവിൽ കാത്തിരിപ്പ് മടുത്ത് അവർ യു.ഡി.എഫിലേക്ക് പോകുകയായിരുന്നു. പാർട്ടിക്ക് ശക്തിയില്ലെന്നതായിരുന്നു അവരെ എൽ.ഡി.എഫിൽ ചേർക്കാതിരിക്കാൻ കാരണം പറഞ്ഞത്. ആർ.എസ്.പിയോടും ആളില്ലാ പാർട്ടിയെന്ന് പറഞ്ഞാണ് കൊല്ലം ലോക്‌സഭാ സീറ്റു പോലും തട്ടിയെടുത്തത്. അതിനെ തുടർന്നാണ് അവർ ദീർഘകാലമായുണ്ടായിരുന്ന എൽ.ഡി.എഫ് ബന്ധം ഉപേക്ഷിച്ചത്. 34 വർഷം എൽ.ഡി.എഫിൽ നിന്ന ശേഷമാണ് മുന്നണി വിട്ടത് ഒട്ടേറെ തിക്താനുഭവങ്ങൾ ഉള്ളതിനാലാണെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞത്.
രണ്ട് പാർലമെന്റ് സീറ്റിലും പതിനൊന്ന് നിയമസഭാ സീറ്റിലും മത്സരിച്ച പാർട്ടിയാണ് ആർ.എസ്.പി. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ആർ.എസ്.പിയുടെ സീറ്റുകൾ സി.പി.എം കവർന്നെടുക്കുകയായിരുന്നെന്ന് ആർ.എസ്.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇനിയും ഇടതുമുന്നണിയിലേക്ക് പോകാനില്ല. യു.ഡി.എഫിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇടതു പാർട്ടികളുടെ യോജിച്ച നീക്കത്തിന് ആർ.എസ്.പിയുടെ തീരുമാനം എതിരാണ്. ഇതോടെ എൽ.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കുന്നതിനുള്ള രണ്ടാമത്തെ നീക്കമാണ് പാളുന്നത്. കെ.എം.മാണിയെ മുന്നണിയിൽ കൊണ്ടുവരാൻ കഴിയാത്തതു പോലെ ഇപ്പോൾ ആർ.എസ്.പിയേയും മടക്കിക്കൊണ്ടുവരാൻ സാധിക്കാതായിരിക്കുന്നു.