കനിമൊഴിയെ ബസില്‍ കയറ്റി; വനിതാ  ഡ്രൈവറുടെ ജോലി നഷ്ടപ്പെട്ടു 

ചെന്നൈ- ഡിഎംകെ എംപി കനിമൊഴിയെ ബസില്‍ കയറ്റിയതിന് വനിതാ ഡ്രൈവറുടെ ജോലി തെറിച്ചു. കോയമ്പത്തൂരില്‍ സ്വകാര്യ ബസ് ജീവനക്കാരിയായ ഷര്‍മ്മിളയുടെ ജോലി ആണ് നഷ്ടമായത്. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയില്‍ പ്രശസ്തയായ 24കാരി ഷര്‍മ്മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എംപി എത്തിയത്. കുശലം ചോദിച്ച് അല്‍പ്പസമയം യാത്ര ചെയ്തു. എന്നാല്‍ യാത്ര വിവാദമാവുകയായിരുന്നു.യാത്രക്കിടെ വനിതാ കണ്ടക്ടര്‍ എംപിയോട് ടിക്കറ്റ് ചോദിച്ചത് കല്ലുകടിയായെങ്കിലും ഷര്‍മ്മിളയ്ക്ക് സമ്മാനങ്ങള്‍ നല്‍കി സന്തോഷത്തോടെ കനിമൊഴി മടങ്ങുകയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ക്കെതിരെ പരാതി പറയാന്‍ ഉടമയുടെ അടുത്ത് ഷര്‍മ്മിള എത്തിയപ്പോള്‍ ബസ് ഡ്രൈവറെ ഉടമ ശകാരിക്കുകയായിരുന്നു. സ്വന്തം പ്രശസ്തിക്ക് വേണ്ടി ഡ്രൈവര്‍ ഓരോന്ന് ചെയ്യുന്നെന്നും ബസ് ഉടമയെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിര്‍ബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു. സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉടമ രംഗത്തെത്തി.ജോലിയില്‍ നിന്ന് താന്‍ പറഞ്ഞുവിട്ടിട്ടില്ലെന്നും പണി മതിയാക്കിയത് ശര്‍മ്മിളയെന്നുമാണ് ബസ് ഉടമുടെ വാദം. സംഭവം അറിഞ്ഞ എംപി പ്രതികരണവുമായി രംഗത്തെത്തി. ശര്‍മ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി പറഞ്ഞു. 
 

Latest News