കോട്ടയം - കായംകുളം എം.എസ്.എം കോളജിൽ ഡിഗ്രി പാസാവാതെ പി.ജിക്കു പ്രവേശനം നേടിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് പിടിയിൽ. അഞ്ച് ദിവസമായി ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ച രാത്രി വൈകി കോട്ടയത്തു നിന്നാണ് പോലീസ് സംഘം അറസ്റ്റുചെയ്തത്. കായംകുളം പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച പ്രതിയെ കോടതിയിൽ ഹാജറാക്കും.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാർത്ഥിനി നേതാവാണ് നിഖിലിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആദ്യം ഉന്നയിച്ചത്. തുടർന്ന് സംഘടനയിൽനിന്നും പാർട്ടിയിൽനിന്നും അച്ചടക്ക നടപടിക്കു വിധേയനായ ശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഒരു പാർട്ടി സഖാവിന് രണ്ടുലക്ഷം രൂപ നൽകിയാണ് നിഖിൽ കലിംഗ സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സമ്പാദിച്ചതെന്നാണ് പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.