തൊടുപുഴ-മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 45 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം പിഴയും. വണ്ണപ്പുറം ചീങ്കല്‍സിറ്റി പള്ളിത്താഴത്ത് രാഹുലിനെ(അപ്പു- 27) യാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സണ്‍. എം. ജോസഫ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണം. 2016ലാണ് കേസിനാസ്പദ സംഭവം. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പ്രതി പലതവണ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇടുക്കി ചൈല്‍ഡ് ലൈന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കാളിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവിധ വകുപ്പുകളിലായാണ് 45 വര്‍ഷം കഠിന തടവ്.ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകുമെന്നതിനാല്‍ പ്രതി 15 വര്‍ഷം കഠിനതടവ് അനുഭവിക്കണം. അഭയകേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് 4 ലക്ഷം രൂപ ലഭ്യമാക്കാന്‍ നടപടി കൈക്കൊളളുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ബി വാഹിദ ഹാജരായി. ഡബ്ല്യു സി. പി. ഒ അന്നമ്മ ജോസഫ് പ്രോസിക്യൂഷന്‍ നടപടി ഏകോപിപ്പിച്ചു.