ട്യൂഷനുവന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകന് നാലുവര്‍ഷം കഠിനതടവ്

പെരിന്തല്‍മണ്ണ-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ സ്‌കൂള്‍ അധ്യാപകനെ നാലുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. നെല്ലിക്കുത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ പൂന്താനം കൊണ്ടിപ്പറമ്പ് പൈനാപ്പിള്ളി ജേക്കബ് തോമസി(55)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പ്രതി നടത്തിയിരുന്ന ട്യൂഷന്‍ സെന്ററില്‍ വന്നിരുന്ന കുട്ടിയെയാണ് അതിക്രമത്തിനിരയാക്കിയത്. 2019-ല്‍ മേലാറ്റൂര്‍ പോലീസാണ് കേസെടുത്തത്. പോക്സോ വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിനതടവും ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വര്‍ഷം കഠിനതടവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കും. മേലാറ്റൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന പി.എം. ഷമീര്‍, കെ. റഫീഖ് എന്നിവരാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.

 

Latest News