ഇഞ്ചി മിഠായിയെന്ന വ്യാജേന മയക്കുമരുന്ന് വില്‍പ്പന: ഇതര സംസ്ഥാനക്കാരന്‍ ബ്രൗണ്‍ ഷുഗറുമായി പിടിയില്‍ 

കൊച്ചി- ഇഞ്ചി മിഠായി മൊത്ത വ്യാപാരം നടത്തുന്നു എന്ന വ്യാജേന മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍. ഒഡീഷ തരാഷ് ബുറുദിയ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം- 27)നെയാണ് എക്‌സൈസ് ഇന്റലിജന്‍സും എറണാകുളം ടൗണ്‍ റേഞ്ചും ചേര്‍ന്ന് കാക്കനാട് തുതിയൂരില്‍ നിന്ന് പിടികൂടിയത്. 

അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. 60 ചെറു പാക്കറ്റുകളിലാക്കിയ നിലയില്‍ 8.5 ഗ്രാം ബ്രൗണ്‍ ഷുഗറാണ് കണ്ടെടുത്തത്. 'ഇഞ്ചി മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു മയക്ക് മരുന്ന് കൈമാറ്റം. സ്വന്തമായി താമസ സ്ഥലം വാടകക്കെടുക്കാതെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ അടുത്ത് സൗഹൃദം സ്ഥാപിച്ച ശേഷം പിന്നീട് അവരുടെ കൂടെ താമസമാക്കുന്നതായിരുന്നു രീതി. 
ഒഡീഷയില്‍ നിന്ന് ഇഞ്ചി മിഠായി കൊണ്ടുവന്ന് മൊത്തക്കച്ചവടം നടത്തുന്നു എന്ന വ്യാജേന ഇയാള്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തിവരുകയായിരുന്നു. കാക്കനാട് തുതിയൂരിലെ ആദര്‍ശ സ്‌കൂളിന് അടുത്ത് തോട്ടപ്പാട്ട് റോഡിലുള്ള ഇയാളുടെ താമസ സ്ഥലത്ത് സ്ഥിരമായി യുവതി യുവാക്കള്‍ വന്ന് പോകുന്നു എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന്  നിരീക്ഷണത്തിലായിരുന്ന ഇയാളുടെ പക്കലേക്ക് സിറ്റി മെട്രോ ഷാഡോ ടീമും എറണാകുളം ഇന്റലിജന്‍സ് വിഭാഗവും വേഷം മാറി ചെന്ന്  ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പക്കല്‍ ബ്രൗണ്‍ ഷുഗറാണ് ഉള്ളതെന്ന് മനസ്സിലായത്. 

മയക്കുമരുന്ന് ആവശ്യപ്പെട്ട എക്‌സൈസ് ടീമിനോട് വില പറഞ്ഞ് ഉറപ്പിച്ച ശേഷം രാത്രി എട്ടരയോടെ ഇയാള്‍ മയക്ക് മരുന്ന് കൈമാറുകയായിരുന്നു. ഇതിനിടെ അപകടം മണത്ത മന്ദി റാം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പാക്കറ്റ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. 

വെറും മില്ലി ഗ്രാം മാത്രം തുക്കം വരുന്ന ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഒഡീഷയില്‍ നിന്ന് വില്‍പ്പനക്കായി വാങ്ങിക്കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. കാക്കനാട് പരിസരങ്ങളില്‍ കറങ്ങി നടന്ന് ഇഞ്ചി മിഠായി വില്‍ക്കുന്ന മന്ദി റാമിന്റെ പക്കല്‍ നിന്ന് അതിമാരകമായ മയക്ക് മരുന്ന്  പിടിച്ചെടുത്തു എന്ന് കേട്ടപ്പോള്‍ അത് പ്രദേശ വാസികളില്‍ അമ്പരപ്പ് ഉളവാക്കി. 

ഈ ഇനത്തില്‍പ്പെടുന്ന അഞ്ച് ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിന്റെ ഉപയോഗ ക്രമം പാളിയാല്‍ അമിത രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം സംഭവിക്കാന്‍ ഇടയാകുമെന്ന് ഈ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം. പി, അസിസ്റ്റന്റ്  ഇന്‍സ്‌പെക്ടര്‍ കെ. വി. ബേബി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ. ആര്‍. സുനില്‍, സിറ്റി മെട്രോ ഷാഡോയിലെ സി. ഇ. ഒ എന്‍. ഡി. ടോമി, സി. ഇ. ഒ പത്മഗിരീശന്‍ പി, സി. ഇ. ഒ എം. എ. ധന്യ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.  ഇയാളെ പിന്നീട് റിമാന്റ്് ചെയ്തു.

Latest News