അഞ്ചു ദശകത്തിനിടെ 9.9 കോടിയിലേറെ ഹാജിമാര്‍

മക്ക - 54 വര്‍ഷത്തിനിടെ 9.9 കോടിയിലേറെ പേര്‍ ഹജ് കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിജ്‌റ 1390 ല്‍ ആണ് ഹജ് തീര്‍ഥാടകരുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ആ വര്‍ഷം മുതല്‍ കഴിഞ്ഞ കൊല്ലം (ഹിജ്‌റ 1443) വരെ 9.9 കോടിയിലേറെ പേര്‍ ഹജ് കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
അതിനിടെ, പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്ക് അഞ്ചിനം പെര്‍മിറ്റുകളാണ് അനുവദിക്കുന്നതെന്ന് പൊതുസുരക്ഷാ വകുപ്പ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു. സര്‍ക്കാര്‍, സേവന വകുപ്പുകള്‍ക്കു കീഴിലെ വാഹനങ്ങള്‍ക്കും വാട്ടര്‍ ടാങ്കറുകള്‍ക്കും കാറ്ററിംഗ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും കീഴിലെ വാഹനങ്ങള്‍ക്കും ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു കീഴിലെ വാഹനങ്ങള്‍ക്കുമാണ് പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.
പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ തടയാന്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള മുഴുവന്‍ റോഡുകളിലും ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കിംഗ് ഫൈസല്‍, തായിഫ് റോഡുകളില്‍ സ്വതന്ത്രമായ വാഹന ഗതാഗതം അനുവദിക്കുന്നത് തുടരും. ദുല്‍ഹജ് ഏഴിന് വൈകീട്ട് ഈ രണ്ടു റോഡുകളും അടക്കും. ദുല്‍ഹജ് പത്തു വരെ ഇവ അടച്ചിടുന്നത് തുടരും. വ്യാജ പെര്‍മിറ്റുകള്‍ കണ്ടെത്താന്‍ ചെക്ക് പോയിന്റുകളിലെ സുരക്ഷാ സൈനികര്‍ ബാശിര്‍ ഉപകരണവും മൈദാന്‍ ആപ്പും ഉപയോഗിക്കുന്നുണ്ട്. വ്യാജ പെര്‍മിറ്റുകളുമായി എത്തുന്നവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ശിക്ഷാ നടപടികള്‍ക്ക് നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറുമെന്നും മേജര്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു.

 

Latest News