Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ യോ​ഗം പട്നയിൽ ന‌ടത്തിയതിന്റെ കാരണം പറഞ്ഞ് മമത

പട്‌ന- സ്വേച്ഛാധിപത്യ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഭാവിയിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​​ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ബിജെപിക്കെതിരെ 2024 ലെ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു പൊരുതാൻ പ്രതിപക്ഷ നോക്കൾ തീരുമാനിച്ചതിനു പിന്നാലെ പട്നയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമതയുടെ മുന്നറിയിപ്പ്.  
ഞങ്ങൾ ഒറ്റക്കെട്ടാണ്, ഞങ്ങൾ ഒറ്റക്കെട്ടായി തന്നെ പോരാടും. ഞങ്ങളെ പ്രതിപക്ഷമെന്ന് വിളിക്കരുത്, ഞങ്ങൾ ദേശസ്നേഹികളാണ്, ഞങ്ങൾ ഭാരത മാതാവിനെ സ്നേഹിക്കുന്നു. മണിപ്പൂർ കത്തുമ്പോൾ ഞങ്ങൾക്കും വേദന അനുഭവപ്പെടുന്നു. ബി.ജെ.പി ഏകാധിപത്യ ഭരണമാണ് നടത്തുന്നത്-മമത  ബാനർജി പറഞ്ഞു. പട്നയിൽ നിന്ന് ആരംഭിക്കുന്നതെല്ലാം പൊതു പ്രസ്ഥാനത്തിന്റെ രൂപമെടുക്കാറുണ്ടെന്നും അതിനാലാണ് പ്രതിപക്ഷ നേതാക്കളുടെ ആദ്യ യോഗം പട്‌നയിൽ സംഘടിപ്പിച്ചതെന്നും മമത പറഞ്ഞു.
ബിജെപി ചരിത്രം മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ചരിത്രം സംരക്ഷിക്കപ്പെടുന്നുവെന്ന് തങ്ങൾ ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. .
ബി.ജെ.പി സർക്കാർ നടത്തിയ ‘ക്രൂരതകൾ’ ഭയാനകമാണെന്നും തങ്ങൾക്കെതിരെ സംസാരിക്കുന്ന പ്രതിപക്ഷ നേതാക്കളെയാണ് ബി.ജെ.പി ഭരണകൂടം ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
ഇഡിയും സിബിഐയും മറ്റ് ഏജൻസികളും  പ്രതിപക്ഷ നേതാക്കളുടെ പി‌റകെയാണ്.  തങ്ങൾക്കെതിരെ സംസാരിക്കുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുകയാണ്.   തൊഴിലില്ലായ്മയെക്കുറിച്ചോ, സാധാരണക്കാരെക്കുറിച്ചോ, ദലിതർക്കെതിരെയോ സ്ത്രീകൾക്കെതിരെയോ ചെയ്യുന്ന അതിക്രമങ്ങളെക്കുറിച്ചോ, തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചോ അവർ ഒന്നും ചെയ്യുന്നില്ല.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും കറുത്ത നിയമമായ ദൽഹി ഓർഡിനൻസിനെതിരെ   ഒരുമിച്ച് പോരാടുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആവർത്തിച്ചു.

Latest News