എങ്ങനെ ശുദ്ധീകരിക്കും, ഈ പാർട്ടിയെ?


ഒരുപാട് നന്മകൾ ഈ പാർട്ടികൊണ്ട് മലയാളി സമൂഹത്തിനുണ്ടായിട്ടുണ്ട്. ഇനിയും അതൊക്കെ വേണം. വർഗീയത വലിയ വിപത്തായി ഉയർന്നുവരുമ്പോൾ അതിനൊരു പരിചയായി മലയാളി സമൂഹം എക്കാലവും ഈ പ്രസ്ഥാനത്തെ കണ്ടിരുന്നു. പാർട്ടിയെ അഗ്‌നിശുദ്ധി വരുത്തി ഉയർത്തിക്കൊണ്ടുവരാൻ ഇപ്പോഴത്തെ നേതൃത്വത്തിനാകുമോ? അതാണ് മലയാളികൾക്കിടയിൽ ഉയരുന്ന ചോദ്യം.

 


കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). സത്യസന്ധതയും വിശ്വാസ്യതയും കേഡർ സ്വഭാവവും കൈമുതലായുള്ള ബഹുജന പ്രസ്ഥാനം. കേരളത്തിന്റെ ഭരണചരിത്രം തുടങ്ങുന്നതുതന്നെ പാർട്ടിയുടെ ചരിത്രത്തോട് ചേർന്നാണ്. വലതുപക്ഷ പ്രവർത്തകർ പോലും പല കാര്യങ്ങളിലും മാതൃകയായി കണ്ടത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രവർത്തനത്തെയും അവരുടെ ജീവിത വിശുദ്ധിയേയുമൊക്കെയാണ്. 
പാർട്ടി വളർന്നു പന്തലിച്ച് എവിടെയും പാർട്ടിയായപ്പോൾ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത പോയിമറഞ്ഞു, സത്യസന്ധത എടുക്കപ്പെട്ടു. കേഡർ സ്വഭാവം ഇല്ലാതായി. ഇതിന്റെയൊക്കെ പരിണത ഫലമാണ് ഇന്ന് പാർട്ടി നേരിടുന്ന ജീർണത. പാർട്ടി സെക്രട്ടറിക്ക് ജില്ലകൾ തോറും നടന്ന് വിഭാഗീയത അവസാനിപ്പിക്കലും വിഭാഗീയതയ്ക്ക് ചൂട്ടുപിടിച്ചവരെ ചെവിക്ക് പിടിച്ച് പടിക്ക് പുറത്ത് കളയേണ്ട സ്ഥിതിയുമാണ്.

മുൻകാലത്തെ വിഭാഗീയത, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളിലായിരുന്നു. പാർട്ടിക്കുള്ളിൽ നടക്കുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ഔദ്യോഗികപക്ഷത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന തരത്തിൽ രണ്ട് പക്ഷം. അവർക്കിടയിൽ ഒതുങ്ങിയിരുന്ന വിഭാഗീയത. അത് പരമാവധി എത്തിയത് പാർട്ടി സമ്മേളനങ്ങളിൽ വരെ മാത്രം. ഇന്നത്തെ സ്ഥിതി അതല്ല. സർവ കൊള്ളരുതായ്മകൾക്കും പാർട്ടി നേതാക്കളും പ്രവർത്തകരും അണികളും. ഓരോ സംഭവവും പുറത്താകുമ്പോൾ വിഭാഗീയത മൂലം പുറത്തായി എന്ന് പറഞ്ഞ് തടിതപ്പും. അതാണോ സത്യം. വ്യാജമദ്യക്കടത്ത്, കൊള്ളപ്പലിശ, സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കൽ, ബ്ലൂഫിലിം നിർമാണം, തട്ടിപ്പ്, വെട്ടിപ്പ്, വഞ്ചനക്കേസ്, വ്യഭിചാരം, തട്ടിക്കൊണ്ടുപോകൽ, മണൽകടത്ത്, കൊലപാതകം, ...... അങ്ങനെ ഏത് കൊള്ളരുതായ്മകളുണ്ടോ അതിലെല്ലാം ഈ പാർട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടാകും. അതിന് മന്ത്രിയെന്നോ, നേതാവെന്നോ അണിയെന്നോ വ്യത്യാസമില്ല. പാർട്ടിയുടെ തലതൊട്ടപ്പനെന്ന് കരുതുന്നവർ മുതൽ താഴെക്കിടയിലുള്ള അനുഭാവി വരെ.- ആരേയും മാറ്റിനിർത്താനാകുന്നില്ല. ഇതിലൊന്നും പെടാത്തവരാകട്ടെ, ഇത്തരക്കാരെ ന്യായീകരിക്കാൻ ഇറങ്ങുകയും വേണം. പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ മനോവിഷമമുള്ള അനേകം നേതാക്കളും പ്രവർത്തകരും സിപിഎമ്മിലുണ്ട്. പാർട്ടി സമ്മേളനത്തിലെ വിഭാഗീയതയ്ക്ക് കൂട്ടുനിന്നവരെക്കുറിച്ച് അന്വേഷിച്ച് അവരെ ശാസിച്ചും പുറത്താക്കിയും ശുദ്ധീകരണം നടത്താനുള്ള ശ്രമത്തിനിടെയാണ് കുട്ടിസഖാക്കളുടെ വിക്രിയകളിൽ പാർട്ടി പൊറുതിമുട്ടി നിൽക്കുന്നത്. പ്രതിദിനം ഓരോ സംഭവങ്ങൾ ഇളമുറക്കാരുടേതായി തലപൊക്കുന്നു. മാധ്യമങ്ങൾ നന്നായി ആഘോഷിക്കുന്നു. മറുപടി പറായാനാകാതെ പാർട്ടി സെക്രട്ടറിയടക്കമുള്ളവർ തലകുമ്പിട്ട് നടന്നുനീങ്ങുന്നു.

വലതുപക്ഷത്തിനെതിരേ ഉയർത്തിക്കൊണ്ടുവരുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും ജനമധ്യത്തിലെത്താതെ പോകുന്നു. മാധ്യമങ്ങളുടെ തലക്കെട്ടുകളിലെല്ലാം സിപിഎമ്മും എസ്എഫ്ഐയും സ്ഥാനം പിടിക്കുന്നു. വിദ്യാർഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് പി.എം ആർഷോ പരീക്ഷയെഴുതാതെ വിജയികളുടെ ലിസ്റ്റിൽ ഇടംപിടിച്ച സംഭവം കത്തി നിൽക്കുന്നതിനിടെയാണ് മുൻ നേതാവ് കെ. വിദ്യ ഉയർത്തിയ കാര്യം പാർട്ടിയെ പൂട്ടിയത്. ഗസ്റ്റ് അധ്യാപികയാകാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ചതാണ് വിദ്യ 'പോപ്പുലറാ'യത്. ഇതെല്ലാം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെയാണ് വലിയ കുരുക്ക് കായംകുളത്തുനിന്നെത്തുന്നത്. കായംകുളം വാൾ പാർട്ടിക്കുനേരേ ഉയരുമ്പോൾ സംസ്ഥാന സെക്രട്ടറി മുതിർന്ന നേതാക്കൾക്കുള്ള 'ചൂരൽ കഷായ'വുമായി ആലപ്പുഴയിലെ പാർട്ടി ആസ്ഥാനമായ പി. കൃഷ്ണപിള്ള സ്മാരകത്തിലുണ്ടായിരുന്നു. സിപിഎം കായംകുളം ഏരിയ കമ്മിറ്റി ഓഫീസിലെ സ്ഥിരം സാന്നിധ്യം, പാർട്ടി ഏരിയാ സെക്രട്ടറി ഇല്ലെങ്കിലും എന്തിനും ഏതിനും അവിടെക്കാണുന്ന എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖിൽ തോമസാണ് പാർട്ടിക്കുള്ള കായംകുളം വാൾ സമ്മാനിച്ചത്. നേതാക്കളുടെയാകെ കണ്ണിലുണ്ണിയായി ഓടിനടന്ന ഈ പയ്യൻ പാർട്ടിയോട് ഇത്തരത്തിൽ കൊടുംചതി ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഏരിയാ സെക്രട്ടറിക്ക് കണ്ഠമിടറിക്കൊണ്ട് മാധ്യമങ്ങളുടെ മുന്നിൽ പറയേണ്ടിവന്നു. ഇത്തരം പയ്യൻമാരെ സംരക്ഷിക്കുന്നതാരാണ്.

എട്ടുംപൊട്ടും തിരിയുന്നതിനുമുമ്പ് വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പാക്കാനും അതുപയോഗപ്പെടുത്തി കോളേജിനെയും അധ്യാപകരേയും സർവകലാശാലയെയും അതിലുപരി പാർട്ടിയേയും ചതിക്കാൻ എങ്ങനെയാണ് ധൈര്യം വന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാൻ മലയാളികളത്ര മണ്ടൻമാരല്ലല്ലോ..? ഇതുപോലെ എത്രയെത്ര വിദ്യാർഥി നേതാക്കൾ വ്യാജ സർട്ടിഫിക്കറ്റുകളുമായി ഉന്നതനിലവാരം പുലർത്തുന്നതും പ്രശസ്തവുമായ കോളേജുകളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നുണ്ടാകും. വിദ്യയെപ്പോലെ വ്യാജസർട്ടിഫിക്കറ്റുകളുമായി സർക്കാർ സർവീസിലടക്കം എത്രപേർ പണിയെടുക്കുന്നുണ്ടാകും. പരീക്ഷയെഴുതാതെ എത്രയോപേർ വിജയിച്ചിട്ടുണ്ടാകും.ഇതെല്ലാം പാർട്ടി സംരക്ഷിക്കാനുണ്ടെന്ന ഉറപ്പിലാകും ചെയ്യുന്നത്. തെറ്റ് ചെയ്ത് ചെന്നാൽ ഉള്ളംകയ്യിൽ വച്ച് കാക്കും. വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ  നല്ലൊരു സ്ഥാനത്ത് അവരോധിക്കും. വ്യാജ സർട്ടിഫിക്കറ്റുകളും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും നടക്കുമ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പാർട്ടിയിലെ അച്ചടക്ക നടപടി അധികം പ്രചാരം ലഭിക്കാതെ പോയി. അതിൽ തന്നെ എം.എൽ.എ അടക്കമുള്ള ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലെ ചിലരെ തരംതാഴ്ത്തിയെന്നതാണ് പ്രധാനമായും കേട്ടത്. അതോടൊപ്പം രണ്ട് വലിയ കുറ്റംചെയ്തവരെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. ഒന്ന് വൻതോതിലുള്ള ലഹരിക്കടത്ത് നടത്തിയ വാഹനത്തിന്റെ ഉടമയായ ഏരിയാ കമ്മിറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായ ആളെ പുറത്താക്കിയത്. നാട് ലഹരിമരുന്നിൽ മുങ്ങി നിൽക്കുമ്പോൾ..

രക്ഷിതാക്കൾ അവരുടെ എങ്ങനെ ഈ വിപത്തിൽനിന്ന് രക്ഷപ്പെടുത്തുമെന്ന് ചിന്തിക്കുമ്പോൾ.. ലഹരിക്കെതിരേ കോടികൾ ചെലവിട്ട് കമ്മ്യൂണിസ്റ്റ് സർക്കാർ തന്നെ പ്രചാരണം നടത്തുമ്പോൾ.. ഇതിനെല്ലാം മുന്നിൽനിന്ന് പടനയിക്കേണ്ട പാർട്ടിയുടെ പ്രധാന ഘടകത്തിലെ ഒരു സുപ്രധാന അംഗം വലിയ വാഹനം വാങ്ങി ലഹരി കടത്താൻ വിട്ടുനൽകിയിരിക്കുന്നു. അതേസമയം തന്നെ മറ്റൊരു വാർത്തയും വന്നു മുപ്പതോളം സ്ത്രീകളുടെ ശരീരഭാഗങ്ങൾ മറയില്ലാതെ ഫോണിൽ പകർത്തിയോ, മറ്റാരെങ്കിലും പകർത്തിയതോ നാട്ടിൽ പ്രചരിപ്പിക്കുന്ന പാർട്ടി അംഗങ്ങളെ സസ്പെൻഡ് ചെയ്തെന്ന വാർത്ത. ഇവരെയൊക്കെ കുറഞ്ഞ കാലത്തേക്ക് സസ്പെൻഡ് ചെയ്താൽ മതിയോ? അതോടെ ഇവരും ഈ പാർട്ടിയും നന്നാകുമോ? അങ്ങനെയൊരു വിശ്വാസം പാർട്ടിയെ സൈദ്ധാന്തിക വിഭാഗത്തിന്റെ തലവനായ സംസ്ഥാന സെക്രട്ടറിക്കുണ്ടോ.? പക്ഷേ, മലയാളി സമൂഹം അങ്ങനെ കരുതുന്നില്ല. ഈ പാർട്ടി ഇങ്ങനെ അധമന്മാരുടെ കൂടാരമായി മാറുന്നത് കണ്ട് ഊറി ചിരിക്കുന്നവരല്ല മലയാളികളെല്ലാം. ഒരുപാട് നന്മകൾ ഈ പാർട്ടികൊണ്ട് മലയാളി സമൂഹത്തിനുണ്ടായിട്ടുണ്ട്. ഇനിയും അതൊക്കെ വേണം. വർഗീയത വലിയ വിപത്തായി ഉയർന്നുവരുമ്പോൾ അതിനൊരു പരിചയായി മലയാളി സമൂഹം എക്കാലവും ഈ പ്രസ്ഥാനത്തെ കണ്ടിരുന്നു. പാർട്ടിയെ അഗ്‌നിശുദ്ധി വരുത്തി ഉയർത്തിക്കൊണ്ടുവരാൻ ഇപ്പോഴത്തെ നേതൃത്വത്തിനാകുമോ? അതാണ് മലയാളികൾക്കിടയിൽ ഉയരുന്ന ചോദ്യം.

Latest News