ബോസ്, വിഭജനം, പിന്നെ ഡോവലും

ഇന്ത്യയുടെ ആദ്യ രാഷ്ട്രീയ നേതാക്കൾ വിഭജനത്തിന്റെയും യുദ്ധത്തിന്റെയും സംയോജനത്തിന്റെയും രക്തരൂഷിതമായ പശ്ചാത്തലത്തിൽ പ്രവർത്തിച്ചവരാണ്. അക്കാലത്ത് ഏറ്റവും മികച്ചതായി കരുതിയ തീരുമാനങ്ങൾ അവർ എടുത്തു. ആ കാരണങ്ങളാൽ, തങ്ങളുടെ സമകാലീന രാഷ്ട്രീയ വിശ്വാസത്തിലധിഷ്ഠിതമായി പ്രശംസിക്കപ്പെടുന്നതിനുപകരം വസ്തുനിഷ്ഠമായി അവർ വിലയിരുത്തപ്പെടുകയാണ് ചെയ്യേണ്ടത്. സുഭാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു എന്ന അജിത് ഡോവലിന്റെ പരാമർശം ചരിത്രപരമായി തെറ്റാകുന്നത് അതുകൊണ്ടാണ്.

 

ചരിത്രത്തിൽനിന്ന് തങ്ങൾക്കാവശ്യമുള്ള ചില കഷ്ണങ്ങൾ മാത്രം തെരഞ്ഞെടുക്കുകയും രാഷ്ട്രീയ നേട്ടത്തിനായി അത് ദുർവ്യാഖ്യാനം ചെയ്യുകയുമെന്ന തന്ത്രം ഹിന്ദുത്വ രാഷ്ട്രീയക്കാരെ സംബന്ധിച്ച് പുതിയതല്ല. ചരിത്രപുരുഷൻമാരുടെ ജീവിതത്തിൽ സംഘ്പരിവാർ തിരയുന്നത് ഇതേ ദുരുദ്ദേശ്യത്തോടെയാണ്. ഇത്തരത്തിലെ ഏറ്റവും അവസാനത്തേതാണ് ജൂൺ 17 ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് നടത്തിയ പ്രസംഗം.
അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് അനുസ്മരണ പ്രഭാഷണത്തിൽ ഡോവൽ ശ്രദ്ധേയമായ പരാമർശങ്ങളാണ് നടത്തിയത്. എന്നാലതിൽ വസ്തുതയുണ്ടോ എന്ന കാര്യത്തിൽ അക്കാദമിക് ചരിത്രപണ്ഡിതരൊന്നും യോജിക്കുമെന്ന് തോന്നുന്നില്ല.  ബോസിനോട് ചരിത്രം 'ഒട്ടും ദയ കാണിച്ചില്ലെന്നും സുഭാഷ് ബോസ് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കില്ലായിരുന്നു എന്നും ഡോവൽ അഭിപ്രായപ്പെട്ടു.
നേതാജി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അസാമാന്യമായ ധീരത പ്രകടിപ്പിക്കുകയും ഗാന്ധിജിയെ പോലും വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം കാണിക്കുകയും ചെയ്തയാളായിരുന്നുവെന്നു ഡോവൽ പറഞ്ഞു.
എല്ലായ്‌പ്പോഴും ഒറ്റപ്പെട്ട ജീവിതമാണ്നേതാജി നയിച്ചിരുന്നതെന്നും ജപ്പാനൊഴികെയുള്ള ഒരു രാജ്യവും അദ്ദേഹത്തെ പിന്തുണച്ചില്ലെന്നും ഡോവൽ വിമർശിച്ചു.

'സ്വാതന്ത്ര്യത്തിന് വേണ്ടി താൻ ഒരിക്കലും യാചിക്കില്ല. ബ്രിട്ടീഷുകാർക്കെതിരെ പോരാടും. സ്വാതന്ത്ര്യമെന്റെ അവകാശമാണ്, അതെനിക്ക് ലഭിച്ചേ മതിയാകൂവെന്ന് പറഞ്ഞയാളാണ് നേതാജി. ഇന്ത്യാ വിഭജന വേളയിൽ നേതാജി ഉണ്ടായിരുന്നെങ്കിൽ അതൊരിക്കലും സംഭവിക്കില്ലായിരുന്നു. അന്ന് ജിന്ന പറഞ്ഞത് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് സുഭാഷ് ചന്ദ്രബോസ് മാത്രമാണെന്നാണ്- ഡോവൽ പറഞ്ഞു. ചരിത്രം നേതാജിയുടെ സംഭാവനകൾ നിർദയമായി തള്ളിക്കളയുകയാണ് ചെയ്തതെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അവ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ താൻ സന്തോഷവാനാണെന്നുംകൂടി അജിത് ഡോവൽ പറഞ്ഞുവെച്ചു.
രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ ജീവിതത്തിന്റെ ചില വശങ്ങൾ മാത്രം തിരഞ്ഞെടുത്ത് രാഷ്ട്രീയ നേട്ടത്തിന് വിനിയോഗിക്കുന്നത് ഒരു പുതിയ തന്ത്രമല്ല. ഭാരതീയ ജനതാ പാർട്ടിക്ക് മാത്രം അവകാശപ്പെടാവുന്ന കാര്യവുമല്ല. ഇന്ത്യൻ നേതാക്കളുടെ ജീവിതകഥകൾ വളരെ വിശാലമാണ്, വ്യക്തമായ കാരണങ്ങളാൽ, വ്യത്യസ്ത രീതികളിൽ പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ അവ രാഷ്ട്രീയക്കാർ തിരഞ്ഞെടുക്കുന്നു. സർദാർ വല്ലഭായ് പട്ടേലിനെ ആരാധിക്കുന്നവർ ജവാഹർലാൽ നെഹ്റുവിനെ നിരന്തരം ആക്ഷേപിക്കുന്നത് നാം കാണുന്നുണ്ടല്ലോ.

2022 മുതൽ ഇത് സുഭാഷ് ചന്ദ്രബോസിനെ സ്വന്തമാക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ബോസിനെ ചുറ്റിപ്പറ്റി അവർ പ്രകടിപ്പിക്കുന്ന വാക്ചാതുര്യം തീവ്ര ദേശീയതാവാദത്തിലധിഷ്ഠിതമാണെന്ന് മാത്രമല്ല, രോഷം നിറഞ്ഞതുമാണ്. 

സുഭാഷ് ചന്ദ്രബോസ് കടുത്ത രാജ്യസ്‌നേഹിയായിരുന്നു. അദ്ദേഹത്തിന്റെ അഭിനിവേശം എല്ലായ്പ്പോഴും വിദേശഭരണത്തിൽനിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. ഗാന്ധിയുമായും ഒടുവിൽ നെഹ്റുവുമായുള്ള അദ്ദേഹത്തിന്റെ അഭിപ്രായവ്യത്യാസങ്ങൾ പ്രസിദ്ധമാണ്. 1938 ലും 1939 ലും നടന്ന കോൺഗ്രസിന്റെ ഹരിപുര, ത്രിപുരി സമ്മേളനങ്ങളിൽ ഈ ഭിന്നത രൂക്ഷമായി. ഉൾപ്പാർട്ടി വിഭാഗീയത കാരണം ബോസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ നിർബന്ധിതനായി. കോൺഗ്രസിൽനിന്നു പുറത്തായതിന് ശേഷമുള്ള ബോസിന്റെ ജീവിതം അദ്ദേഹം നടത്തിയ പുതിയ പരീക്ഷണങ്ങളാൽ നിർവചിക്കപ്പെടുന്നതാണ്. ഈ തിരഞ്ഞെടുപ്പുകളിലൂടെയാണ് ചരിത്രം അദ്ദേഹത്തെ ഇന്നും വീക്ഷിക്കുന്നത്. എന്നാൽ, സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമിടയിൽ ഛിന്നഭിന്നമായ ഒരു ലോകത്തിൽ ഒറ്റക്ക് സഞ്ചരിക്കുന്ന ഒരു മനുഷ്യനെ ശരിയായ രീതിയിൽ വിലയിരുത്താൻ ഇന്ത്യൻ ദേശീയതക്കോ കമ്മ്യൂണിസത്തിനോ സാധ്യമായില്ലെന്നതാണ് ശരി.
1930കളിലും 1940കളിലും യൂറോപ്പിലും തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള തന്റെ യാത്രകളിൽ ബോസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അശ്രാന്തമായി സമ്മർദം ചെലുത്തി.  ബെർലിനിലും ടോക്കിയോയിലും ഗണ്യമായ സമയം ചെലവഴിച്ചു. ഹിറ്റ്‌ലർ, മുസ്സോളിനി, ടോജോ എന്നിവരുമായി സഖ്യമുണ്ടാക്കാമെന്ന് വരെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയിലെ വിവിധ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ പല സഹപ്രവർത്തകരും സമാനമായി ഒപ്പം ഉണ്ടായിരുന്നു. 
1939 ൽ ഗാന്ധി ഹിറ്റ്‌ലർക്ക് കത്തിൽ ലോകത്തെ നശിപ്പിക്കുന്ന തരത്തിലുള്ള യുദ്ധം തടയാൻ കഴിയുന്ന 'ലോകത്തിലെ ഒരേയൊരു വ്യക്തി' എന്ന് അഭിസംബോധന ചെയ്തു. 1940 കളുടെ അവസാനത്തിൽ, പഞ്ചാബിലും ദൽഹിയിലും വിഭജനവുമായി ബന്ധപ്പെട്ട അക്രമസമയത്ത് സർദാർ പട്ടേൽ രാഷ്ട്രീയ സ്വയംസേവക് സംഘിനോട് ചായ്‌വ് കാണിക്കുകയുണ്ടായി. 
ഈ ഉദാഹരണങ്ങളൊന്നും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാട് സംബന്ധിച്ച ആത്യന്തിക വിധികളായി പക്ഷെ കണക്കാക്കരുത്. ഇന്ത്യയുടെ ആദ്യ രാഷ്ട്രീയ നേതാക്കൾ വിഭജനത്തിന്റെയും യുദ്ധത്തിന്റെയും സംയോജനത്തിന്റെയും രക്തരൂഷിതമായ പശ്ചാത്തലത്തിൽ പ്രവർത്തിച്ചവരാണ്. അക്കാലത്ത് ഏറ്റവും മികച്ചതായി കരുതിയ തീരുമാനങ്ങൾ അവർ എടുത്തു. ആ കാരണങ്ങളാൽ, തങ്ങളുടെ സമകാലീന രാഷ്ട്രീയ വിശ്വാസത്തിലധിഷ്ഠിതമായി പ്രശംസിക്കപ്പെടുന്നതിനുപകരം വസ്തുനിഷ്ഠമായി അവർ വിലയിരുത്തപ്പെടുകയാണ് ചെയ്യേണ്ടത്. 
ബോസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ പ്രതീകാത്മകതയുടെ പങ്ക് കുറച്ചുകാണാൻ കഴിയില്ല. 1945 ൽ, ബർമ്മയിലെ കാടുകളിൽനിന്ന് ഇന്ത്യയിലേക്കുള്ള മാർച്ചിൽ ബോസ് തുരത്തപ്പെടുകയും അദ്ദേഹത്തിന്റെ അനുയായികൾ രാജ്യദ്രോഹികളായി രാജാവിന് മുന്നിൽ വലിച്ചിഴക്കപ്പെടുകയും ചെയ്തപ്പോൾ, ഇന്ത്യൻ നാഷനൽ ആർമിയെ പ്രതിരോധിക്കാൻ തീരുമാനിച്ചത് കോൺഗ്രസ് ആയിരുന്നു. 1945-1946 കാലഘട്ടത്തിൽ ഐ.എൻ.എയെ പിന്തുണക്കുക എന്നത് തികച്ചും രാഷ്ട്രീയമായ തീരുമാനമായിരുന്നു, സാമ്രാജ്യത്വത്തിനെതിരായ അക്ഷീണമായ രോഷം മുതലെടുക്കാനുള്ള ആഗ്രഹം മാത്രമാണ് അത്തരം കാഴ്ചപ്പാടുകൾക്ക് പിന്നിൽ. ജപ്പാൻകാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ ബോസിനോട് യുദ്ധം ചെയ്യുമെന്ന് പത്രപ്രവർത്തകരോട് പറഞ്ഞ അതേ നെഹ്റു, ഗാന്ധിയെപ്പോലെ ബോസിനെ അപ്പോൾ പരസ്യമായി പിന്തുണച്ചു. 

പ്രതീകാത്മകതക്ക് അതിന്റെതായ ഉപയോഗങ്ങളുണ്ട്. 1945 ലെ ശൈത്യകാലത്ത് കോൺഗ്രസ് ചെയ്തതുപോലെ, നന്നായി തിരഞ്ഞെടുത്താൽ, പ്രതീകാത്മകതക്ക് ചരിത്രത്തിന്റെ ഗതി തന്നെ മാറ്റാനുള്ള ശക്തിയുണ്ട്. എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിന്റെ ആധുനിക അവതരണത്തിലെ ആവർത്തിച്ചുള്ള ചതി, നമ്മുടെ നേതാക്കളെ ഏതാണ്ട് കാർട്ടൂൺ ചിഹ്നങ്ങളായി അവതരിപ്പിക്കുക എന്നതാണ് - ഒന്നുകിൽ വിജയമോ അല്ലെങ്കിൽ പരാജയമോ. ഒരു രാഷ്ട്രീയ നേതാവിനെ എല്ലാ വിജയങ്ങളുടെയും ശിൽപിയായി ഉയർത്തിപ്പിടിക്കുന്നത് ചരിത്രത്തിലെ തെറ്റുകൾ മറ്റൊന്നിലേക്ക് തിരുകുന്നത് പോലെയാണ്. നെഹ്റു മുതൽ മോഡി വരെ, ബോസ് മുതൽ ഗാന്ധിയും പട്ടേലും വരെ ഈ വ്യാഖ്യാനങ്ങൾക്ക് വിധേയരാണ്. വിഭജനത്തെ ഒറ്റയടിക്ക് തടയാൻ കഴിവുള്ള വ്യക്തി എന്ന നിലയിൽ ബോസിനെ അവതരിപ്പിക്കുന്നത് ഹാസ്യാത്മകം മാത്രമല്ല, നമ്മുടെ ചരിത്രത്തെക്കുറിച്ചും അതിൽ ബോസ് വഹിച്ച പങ്കിനെക്കുറിച്ചുമുള്ള സൂക്ഷ്മമായ ധാരണ്ക്ക് ഹാനികരവുമാണ്.

ഇന്ത്യയുടെ ഭൂതകാലത്തിനും വർത്തമാനത്തിനും ഭാവിക്കും വേണ്ടിയുള്ള യഥാർഥ സേവനം പ്രത്യയശാസ്ത്രങ്ങളോടും ചിഹ്നങ്ങളോടും ഉള്ള അടിമത്തമല്ല. നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മനുഷ്യരുടെ സങ്കീർണമായ മാനവികതയെ അംഗീകരിക്കുന്നതിലാണ് അത് അടങ്ങിയിരിക്കുന്നത്. ഈ രാജ്യം കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ചവരെ - അവർ ബ്യൂറോക്രാറ്റുകളോ നയതന്ത്രജ്ഞരോ സ്വാതന്ത്ര്യസമര സേനാനികളോ ആകട്ടെ - മായിച്ചുകളയുന്നതിലല്ല, സ്വാതന്ത്ര്യം കേവലം തീയും രക്തച്ചൊരിച്ചിലും കൊണ്ട് കെട്ടിച്ചമച്ചതല്ലെന്നും ഇന്ത്യയുടെ വിഭജനത്തിനോ അതിന്റെ സ്വാതന്ത്ര്യത്തിനോ ഏതെങ്കിലും ഒരു വ്യക്തി മാത്രം ഉത്തരവാദിയല്ലെന്നു അംഗീകരിക്കുന്നതിലാണ്. 

അതിനാൽ, ചരിത്രത്തെ ചരിത്രനിരൂപണമായി അവതരിപ്പിക്കുക എന്നത് ഒരു രാഷ്ട്രത്തിന്റെ പുനർനിർമിതിക്ക് വേണ്ടിയുള്ള അധ്വാനത്തെ കുറയ്ക്കുക മാത്രമല്ല, സാമ്രാജ്യത്വാനന്തര ലോകത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് സഹായിച്ച അനേകം സൂതികർമ്മിണികളെ ഇല്ലാതാക്കുക എന്നതുകൂടിയാണ്.
--

Latest News