ലൈഫ് മിഷൻ അഴിമതിക്കേസ്; ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാൻഡ് നീട്ടി, സ്വപ്നക്ക് ആശ്വാസം

കൊച്ചി - ലൈഫ് മിഷൻ കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാൻഡ് കോടതി ആഗസ്ത് അഞ്ചുവരെ നീട്ടി. എന്നാൽ കേസിലെ പ്രധാനി സ്വപ്‌ന സുരേഷിന്റെ ജാമ്യം ഉപാധികളോടെ കോടതി നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം, പുതിയ താമസ സ്ഥലത്തിന്റെ വിലാസവും ഫോൺ നമ്പറും മെയിൽ ഐഡിയും  നൽകണമെന്നും കോടതി സ്വപ്‌നയോട് നിർദേശിച്ചു.
 ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് സ്വപ്‌നയും സരിതും കോടതിയോട് അഭ്യർത്ഥിച്ചെങ്കിലും സരിത്തിന് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വ്യക്തമാക്കി. 
 അതിനിടെ, ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്ത് സ്വപ്‌നയെയും സരിത്തിനെയും ആദ്യം അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നുവെന്നും ശിവശങ്കർ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇ.ഡി മറുപടി നല്കി. 

Latest News