ഗട്ടര്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു; തെറിച്ചുവീണ യാത്രക്കാരി ബസ് കയറി മരിച്ചു

മുംബൈ- മുംബൈയില്‍ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങിയ റോഡിലെ ഗട്ടറില്‍ ചാടാതെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരി ബസ് കയറി ദാരുണമായി മരിച്ചു. ഒരു ബന്ധുവിന്റെ പിറകിലിരുന്ന് യാത്ര ചെയ്ത മനീഷ ഭോയിര്‍ (40) ആണു മരിച്ചത്. കല്യാണിലെ ഒരു സ്‌കൂള്‍ ജീവനക്കാരിയായ ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഈ ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് ഭോയിര്‍ ബന്ധുവിനൊപ്പം ബൈക്കില്‍ കയറിയത്. ശിവജി ചൗക്കിലെ പാതി വെള്ളത്തില്‍ മുങ്ങിയ റോഡിലാണ് അപകടമുണ്ടായത്. റോഡിലെ ഗട്ടര്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. പിറകിലിരുന്ന ഭോയിര്‍ മറിഞ്ഞു വീണയുടന്‍ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ ആളുകള്‍ ഓടിക്കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിന്റെ പിന്‍ചക്രത്തിനടിയിലാണ് ഭോയിര്‍ പെട്ടത്.
 

Latest News