വിദ്യയെ ഒളിവില്‍ പാര്‍പ്പിച്ചവര്‍ക്കെതിരെ കേസില്ല, കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് സൂചന

പാലക്കാട് - വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എഫ് ഐ നേതാവ് കെ.വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന തീരുമാനവുമായി പോലീസ്. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പോലീസ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് സൂചന. സാധാരണ ഗതിയില്‍ പ്രതികളെ അവര്‍ കുറ്റം ചെയ്തവരാണെന്ന് തിരിച്ചറിഞ്ഞ് ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവര്‍ക്കെതിരെ കേസെടുക്കാറുണ്ട്.  കോഴിക്കോട് വടകരക്കടുത്ത് വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് രാഘവന്റെ വീട്ടില്‍ നിന്നാണ് രണ്ടാഴ്ചത്തെ ഒളിവു ജീവിതത്തിന് ശേഷം വിദ്യ അറസ്റ്റിലായത്. എസ് എഫ്.ഐ നേതാവായ രാഘവന്റെ മകന്‍ വഴിയാണ് വിദ്യ ഇവിടെ ഒളിവില്‍ കഴിഞ്ഞതെന്നാണ് പോലീസിന് ലഭിച്ച വിവരം. വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയാണെന്നറിഞ്ഞിട്ടും ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് ഈ വീട്ടുകാര്‍ക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നാല്‍ വിദ്യ വലിയ കുറ്റകൃത്യത്തിലെ പ്രതിയല്ലാത്തതിനാലാണ് ഒളിവില്‍ കഴിയാന്‍ സഹായച്ചവര്‍ക്കെതിരെ കേസെടുക്കാത്തതെന്നാണ് പോലീസിന്റെ ന്യായം.

 

Latest News