തിരുവനന്തപുരം- പ്രതിപക്ഷത്തിന് രാഷ്ട്രീയായുധമാകുന്നവിധത്തില്‍ നിരന്തരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന എസ്.എഫ്.ഐ.യില്‍ തിരുത്തല്‍ നിര്‍ദേശിച്ച് സി.പി.എം. വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണങ്ങളില്‍ കുറ്റക്കാരെ തള്ളി എസ്.എഫ്.ഐ.യെ സംരക്ഷിച്ചുപോകാനാണ് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റ് തീരുമാനിച്ചത്. അതേസമയം, നേതാക്കളടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത് ഒരു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയിലുണ്ടാകേണ്ട പരിശോധനയും തിരുത്തലും ഉണ്ടാകാത്തതുകൊണ്ടാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. പാര്‍ട്ടി നിരീക്ഷണത്തില്‍ത്തന്നെ ഇതിനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം.
കെ. വിദ്യയുടെ വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍നിന്ന് എസ്.എഫ്.ഐ.യെ മോചിപ്പിച്ചു കൊണ്ടു വരാനുള്ള പ്രചാരണം പാര്‍ട്ടി തന്നെയാണ് ഏറ്റെടുത്തത്. സംസ്ഥാനസെക്രട്ടറി പി.എം. ആര്‍ഷോയെയും കുറ്റകൃത്യത്തിന്റെ ഭാഗമാക്കി ചിത്രീകരിക്കാനുള്ള ശ്രമം പ്രതിരോധിക്കാനായത് ഇതിനു ശേഷമാണെന്ന് സി.പി.എം. വിലയിരുത്തി.
എന്നാല്‍ കായംകുളം എം.എസ്.എം. കോളേജില്‍ നിഖില്‍ തോമസ് വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്ന ആരോപണം വന്നതോടെയാണ് ആ പ്രതിരോധം പാളിപ്പോയത്. നിഖിലിനെ ആര്‍ഷോ ന്യായീകരിച്ചതും അത് തിരുത്തേണ്ടിവന്നതും വീഴ്ചയായി.
ഇക്കാര്യങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ ആര്‍ഷോയെ കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ വിളിപ്പിച്ചിരുന്നു. ഒപ്പം, നിഖിലിനെ സഹായിച്ചെന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്ന ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാനോടും വിവരങ്ങള്‍ തേടി. പാര്‍ട്ടിയില്‍ എസ്.എഫ്.ഐ.യുടെ ചുമതലയുള്ള എ.കെ. ബാലനോടും ആര്‍ഷോ കാര്യങ്ങള്‍ വിശദീകരിച്ചു. വ്യാഴാഴ്ച സെക്രട്ടേറിയറ്റ് യോഗത്തില്‍ എസ്.എഫ്.ഐ.യെ സംബന്ധിച്ചുള്ള വിവാദങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ എം.വി. ഗോവിന്ദന്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘടനാപരമായ പക്വത എസ്.എഫ്.ഐ.ക്ക് ഇല്ലാതെപോകുന്നുണ്ടെന്ന വിമര്‍ശനം അംഗങ്ങളെല്ലാം പങ്കുവെച്ചു.
ആരോപണങ്ങള്‍ക്ക് ബാബുജാന്‍ മറുപടി പറഞ്ഞത് പാര്‍ട്ടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്. എസ്.എഫ്.ഐ.യുടെ താഴെത്തട്ടില്‍വരെ അംഗങ്ങള്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസവും സംഘടനാ അച്ചടക്കവും ഉറപ്പുവരുത്തുന്ന വിധത്തില്‍ പഠനക്യാമ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആരോപണങ്ങളും പരാതികളും നേരിടുന്നവരെ ഭാരവാഹിസ്ഥാനങ്ങളില്‍നിന്ന് മാറ്റുന്നതടക്കമുള്ള തിരുത്തല്‍ വേണമെന്നാണ് സി.പി.എം. തീരുമാനിച്ചിട്ടുള്ളത്.