മലപ്പുറത്ത് 2051 പേര്‍ക്ക് പകര്‍ച്ചപ്പനി,  തൊട്ടു പിന്നില്‍ കോഴിക്കോട് 

തിരുവനന്തപുരം-കേരളത്തില്‍ പകര്‍ച്ചപ്പനി പടരുന്നു. എലിപ്പനി, ഡെങ്കിപ്പനി, എച്ച്1എന്‍1 തുടങ്ങിയ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 13,409 പേര്‍ക്കാണ് സംസ്ഥാനത്ത് പനി റിപ്പോര്‍ട്ട് ചെയ്തത്.
നാലു ജില്ലകളില്‍ ആയിരത്തിലേറെ പനിക്കേസുകളാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം രോഗികളുള്ള മലപ്പുറത്ത് 2051 പേര്‍ക്കാണ് പനി. കോഴിക്കോട്-1542, തിരുവനന്തപുരം-1290, എറണാകുളം-1216 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിരീകരണനിരക്ക്. 53 പേര്‍ക്ക് ഡെങ്കിപ്പനിയും എട്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 282 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചു മരിച്ചവരുടെ എണ്ണം 39 ആയി.
സംസ്ഥാനത്ത് ഇന്നലെ  മൂന്നുപേരാണ് പനി ബാധിച്ചു മരിച്ചത്. കുറ്റിപ്പുറം സ്വദേശിയായ പതിമൂന്നുകാരന്‍ ഗോകുലിന്റെ മരണം എച്ച്1എന്‍1 മൂലമെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസം മാത്രം പനിബാധിച്ചു മരിച്ചവര്‍ പത്തുപേരാണ്. അതിനിടെ ഇനിയും പനിവ്യാപനം കൂടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News