വിദ്യാര്‍ഥിനികള്‍ ഉച്ചത്തില്‍ സംസാരിച്ചു; ഹോട്ടലിലെ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

ഇടുക്കി-  മുരിക്കാശേരിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  ഒരാള്‍ക്കു കുത്തേറ്റു. മൂങ്ങാപ്പാറ സ്വദേശി തടിയംപ്ലാക്കല്‍ ബാലമുരളിക്കാണ് (32) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുരിക്കാശേരിയില്‍ മാംസ വ്യാപാരം നടത്തുന്ന പതിനാറാംകണ്ടം സ്വദേശി പീച്ചാനിയില്‍ അഷറഫിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനായി സമീപത്ത് വ്യാപാരം നടത്തുന്ന അഷറഫ് എത്തി. ഈ സമയം ഫാമിലി റൂമില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനികള്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നത് അഷറഫിന് ഇഷ്ടപ്പെട്ടില്ല. ഇയാള്‍ വിദ്യാര്‍ഥിനികളോട് ദേഷ്യപ്പെട്ടു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ബാലമുരളിയും കൂട്ടുകാരും ഇതു ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഹോട്ടല്‍ ഉടമ ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ഭക്ഷണം കഴിച്ചിറങ്ങിയ അഷറഫ് ഇയാളുടെ കടയില്‍ പോയി കത്തിയുമായെത്തി ബാലമുരളിയും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നിറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ബാലമുരളിയെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം സ്ഥലം വിട്ട പ്രതിയെ അടിമാലിക്കു സമീപം മാങ്കുളത്തു നിന്നുമാണ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ നോക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്.

 

Latest News