Sorry, you need to enable JavaScript to visit this website.

അഭിമാന നിമിഷം; പോലീസ് സ്റ്റേഷന്റെ ചുമതല മകൾക്ക് കൈമാറി പിതാവ്

ബംഗളൂരു- പോലീസ് സ്‌റ്റേഷന്റെ ചുമതല മകള്‍ക്ക് കൈമാറി പിതാവ്. കര്‍ണാടകയിലെ മാണ്ഡ്യ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനാണ്  വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.സബ് ഇന്‍സ്പെക്ടര്‍ ബി.എസ് വെങ്കിടേഷാണ് സ്റ്റേഷന്റെ ചുമതല 24 കാരിയായ മകളെ ഏല്‍പ്പിച്ചത്. 15 വര്‍ഷത്തിലേറെ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച ശേഷം 2010-ലാണ് മുന്‍ സൈനികരുടെ ക്വാട്ടയില്‍ വെങ്കിടേഷ് പോലീസ് സേനയില്‍ ചേര്‍ന്നത്.
ഇദ്ദേഹത്തിന്റെ മകള്‍ വര്‍ഷ 2020-21 ബാച്ച് പോലീസ് ഓഫീസറാണ് . സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ വര്‍ഷ ആദ്യ ശ്രമത്തില്‍ തന്നെ പോലീസ് സേനയില്‍ ചേരാനുള്ള പരീക്ഷയില്‍ വിജയിച്ചു.
വര്‍ഷയ്ക്ക് പൂച്ചെണ്ട് നല്‍കിയ വെങ്കിടേഷ് മകളെ അഭിനന്ദിക്കുകയും ആശംസക നേരുകയും ചെയ്തു. അര്‍പ്പണബോധവും കഠിനാധ്വാനവും കൊണ്ട് മകൾ എപ്പോഴും തന്നെ അഭിമാനം കൊള്ളിച്ചതായി വെങ്കിടേഷ് പറഞ്ഞു. എന്നാൽ പിതാവാണ് തനിക്ക് പ്രചോദനമെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും വര്‍ഷ പറഞ്ഞു.

Latest News