യുപിയില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ജയിലില്‍ വെടിയേറ്റു മരിച്ചു

ലഖ്‌നൗ- നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ പ്രേം പ്രകാശ് സിങ് എന്ന മുന്ന ബജ്‌രംഗി ഉത്തര്‍ പ്രദേശിലെ ബാഗ്പത് ജയിലില്‍ തിങ്കളാഴ്ച രാവിലെ വെടിയേറ്റു മരിച്ചു. ഇദ്ദേഹത്തെ വകവരുത്താന്‍ യുപി പോലീസിലെ പ്രത്യേക ദൗത്യ സേന ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഭാര്യ ഏതാനും ദിവസം മുമ്പ് ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഝാന്‍ജി ജയിലിലായിരുന്നു മുന്ന ബജ്‌രംഗിയെ ഞായറാഴ്ച രാത്രി 9.30നാണ് ബഗ്ബത് ജയിലിലെത്തിച്ചത്. ഒരു കുറ്റപ്പിരിവ് കേസില്‍ തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കാനാണ് ഇദ്ദേഹത്തെ ബഗ്പതിലെത്തിച്ചത്. ജയിലിലെ മറ്റൊരു പ്രാദേശിക ഗുണ്ടാ സംഘവുമായുണ്ടായ തര്‍ക്കത്തിനിടെയാണ് ബജ്‌രംഗി വെടിയേറ്റു മരിച്ചതെന്ന് യുപി പോലീസ് മേധാവി ഒ.പി സിങ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നാലു ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 

മറ്റൊരു ഗുണ്ടാ തലവനായ സുനില്‍ രാഠിയുടെ സംഘമാണ് വെടിവയ്പ്പിനു പിന്നിലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തടവുകാര്‍ക്ക് ചായ വിതരണം നടത്തുന്നതിനിടെ പുലര്‍ച്ചെ 5.30നാണ് ബജ്‌രംഗിക്ക് വെടിയേറ്റത്. കൊലപാതകം, തട്ടിപ്പറി, കൊള്ള, കുറ്റപ്പിരിവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ബജ്‌രംഗി. 2005-ല്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയേയും ഏഴ് അനുയായികളേയും കൊലപ്പെടുത്തിയ കേസിലും ബജ്‌രംഗി മുഖ്യപ്രതിയാണ്.

ബജ്‌രംഗിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഭാര്യ സീമ സിങ് ജൂണ്‍ 29നാണ് ലഖ്‌നൗവല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. തന്റെ ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നും മറ്റു തടവുകാരുടെ സഹായത്തോടെ അദ്ദേഹത്തെ ജയിലില്‍ വച്ചു തന്നെ കൊലപ്പെടുത്താന്‍ യുപി പോലീസിലെ ഉന്നതര്‍ പദ്ധതിയിടുന്നുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോലീസിലെ പ്രത്യേക ദൗത്യ സേന ഈ ആരോപണം തള്ളിയിരുന്നു.
 

Latest News