കോടീശ്വരന്മാരുമായി കാണാതായ ടൈറ്റൻ; നിർണായക വിവരങ്ങൾ പുറത്തുവരുന്നു

വാഷിം​ഗ്ടൺ- അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ സമുദ്രാടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന് സമീപം ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. എന്നാല്‍, ഇത് കാണാതായ അന്തര്‍വാഹിനിയുടേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ റിമോട്ട്‌ലി ഓപ്പറേറ്റഡ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ (റോവ്) ആണ് അവശിഷ്ടം കണ്ടെത്തിയത്. എന്നാല്‍  ഏതു തരത്തിലുള്ള അവശിഷ്ടമാണ് എന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങല‍ പുറത്തുവിട്ടിട്ടില്ല.
ടൈറ്റനിലെ ഓക്സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. 96 മണിക്കൂറാണ് ടൈറ്റനിലെ ഓക്സിജന്‍ സപ്ലെ സമയം. യുകെ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.8 ഓടെ ഓക്സിജന്‍ തീര്‍ന്നിട്ടുണ്ടാകുമെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു.
അഞ്ച് യാത്രികരുമായി കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. നാലു ദിവസം മുന്‍പാണ് ന്യൂഫൗണ്ട് ലാന്‍ഡ് തീരത്തിന് സമീപത്തുവെച്ച് ടൈറ്റനുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടത്.ബ്രിട്ടീഷ് വ്യവസായി ഹമീഷ് ഹാര്‍ഡിങ്, പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകന്‍ സുലൈമാന്‍,ഓഷ്യന്‍ഗേറ്റിന്റെ സിഇഒ സ്റ്റോക്റ്റോണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുള്ളത്. നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ആഴത്തിലാണ് തെരച്ചില്‍ തുടരുന്നത്.

Latest News