നെടുമ്പാശേരി- തുടർച്ചയായി മൂന്നാം ദിവസവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു. എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ചീസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് എയർ കസ്റ്റംറ്റംസ് ഇൻ്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയത് . ഇത്തരത്തിൽ കാർഗോ വഴി ചൊവ്വാഴ്ച 60 ഗ്രാം സ്വർണവും ബുധനാഴ്ച 203 ഗ്രാം സ്വർണവും പിടികൂടിയിരുന്നു . അബുദാബിയിൽ നിന്നും ഫാസ്റ്റ് ട്രാക്ക് എക്സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴി സലീജ് എന്നയാളാണ് മലപ്പുറം സ്വദേശി ജാബിൽ എന്നയാളുടെ വിലാസത്തിലേക്ക് കൊറിയർ അയച്ചത്.
കൊറിയർ പായ്ക്കറ്റിനകത്ത് ബേബി സോപ്പ്, ബേബി ക്രീം, ഫെയർ ക്രീം, മിൽക്ക് ഉൽപന്നങ്ങൾ എന്നിവയാണെന്നാണ് വെളിപ്പെടുത്തിയിരുന്നത്. സ്ക്രീനിങ്ങിൽ സംശയം തോന്നി ചീസ് ടിന്നുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിനകത്ത് സ്വർണം കണ്ടെത്തിയത്. അറുപത് ഗ്രാം സ്വർണം പത്ത് ഗ്രാം വീതമുള്ള ആറ് നാണയങ്ങളായാണ് ഒളിപ്പിച്ചത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു .