പേടിച്ചുപോയി,പക്ഷെ ബൈക്ക് നിര്‍ത്തിയത് സമ്മാനം നല്‍കാനായിരുന്നു

മോങ്ങത്ത് വച്ച് നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പഴയ ഹെല്‍മറ്റിനു പകരം പുതിയത് നല്‍കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.

മലപ്പുറം-ഹെല്‍മറ്റ് ധരിച്ചിട്ടും റോഡരികില്‍ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്‌നല്‍. നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തില്‍ ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവര്‍ക്ക് വാഹനം നിര്‍ത്തിയപ്പോഴാണ് ആശ്വാസമായത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ.എസ്.ഐ മുദ്ര ഇല്ലാത്തതുമായ ഹെല്‍മറ്റുകള്‍ക്ക് പകരം യാത്രക്കാര്‍ക്ക് പുത്തന്‍ ഹെല്‍മറ്റ് ഉപഹാരമായി നല്‍കുകയായിരുന്നു.
മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും നല്‍കി ഹെല്‍മറ്റുകള്‍. ഹെല്‍മറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ്  യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് സമ്മാനമായി നല്‍കിയത്.
വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു ഹെല്‍മറ്റ് വിതരണം. കൊണ്ടോട്ടി സബ് ആര്‍.ടി.ഒ ഓഫീസിന്റെ കീഴിലുള്ള വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നല്‍കിയ ഹെല്‍മറ്റ് വിതരണത്തിന് ജോയിന്റ് ആര്‍.ടി.ഒ എം. അന്‍വര്‍, എം.വി.ഐ കെ.ബി ബിജീഷ്, എ.എം.വി.ഐമാരായ കെ. ദിവിന്‍, കെ.ആര്‍ റഫീഖ്, വാഴയൂര്‍ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News