താനെ- കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ കുക്കറിൽ വേവിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ ജൂലൈ ആറുവരെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മിരാ റോഡ് പ്രദേശത്തെ ബഹുനില കെട്ടിടത്തിൽ ഏഴാം നിലയിൽ വാടകക്കെടുത്ത അപ്പാർട്ട്‌മെന്റിലാണ് 56 കാരനായ സാനെ 32 കാരി ലിവ്-ഇൻ പാർട്ണർ സരസ്വതി വൈദ്യയെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ശരീരഭാഗങ്ങൾ മുറിച്ച ശേഷം വേവിക്കുകയും വറുക്കുകയും ചെയ്തു.
സാനെയുടെ കസ്റ്റഡി നേരത്തെ ജൂൺ 22 വരെ നീട്ടിയിരുന്നു. പോലീസ് റിമാൻഡ് അവസാനിച്ചതിനെ തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.ഡി നാനാവരെ മുമ്പാകെ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ജൂലൈ ആറുവരെ നീട്ടിയത്.
അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറി കോടതിയിൽ ഹാജരാക്കിയിരുന്നു.
സാനെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിന് ശേഷം കേസ് അന്വേഷിക്കുന്ന മീരാ ഭയന്ദർ-വസായ് വിരാർ പോലീസ് പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അതേ കോടതിയിൽ അപേക്ഷ നൽകി.
മനഃശാസ്ത്ര പരിശോധന നടത്തണമെന്ന് പ്രതിയുടെ അഭിഭാഷകൻ അതുൽ സരോജ് പറഞ്ഞു. ജൂൺ ഏഴിനാണ് സരസ്വതി വൈദ്യയുടെ അരിഞ്ഞ ശരീരഭാഗങ്ങൾ പോലീസ് കണ്ടെടുത്തത്. ജൂൺ നാലിന് യുവതി കൊല്ലപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. പ്രതി സാനെ യുവതിയുടെ ശരീരഭാഗങ്ങൾ ബക്കറ്റുകളിൽ നിറച്ചുവെച്ചിരുന്നു. കുറച്ച് മാംസം വേവിക്കുകയും വറുക്കുകയും ചെയ്ത് നായ്ക്കൾക്ക് നൽകുകയും ചെയ്തു.
സാനെയുടെയും വൈദ്യയുടെയും ഫ്‌ളാറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.