കോഴിക്കോട് / തൃശൂർ - നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ യു.സി രാമൻ രംഗത്ത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കായി മരണം വരെ പോരാടിയ ധീരനായ അയ്യങ്കാളിയുടെ ചിത്രം 'കുകുച' എന്ന ഫേസ്ബുക്ക് പേജ് വഴി മോർഫ് ചെയ്ത് അപകീർത്തികരമായി പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യു.സി രാമൻ തൃശൂർ പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
കോബ്ര കൈ എന്ന ഐഡിയിൽ നിന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മരണപ്പെട്ടുപോയ ഒരു സാമൂഹിക നവോത്ഥാന നായകനെതിരെ ഇത്തരമൊരു പോസ്റ്റിട്ടത് മുഴുവൻ സമുദായത്തേയും ഒരു ജനവിഭാഗത്തെയും അവഹേളിക്കുകയും അപമാനിക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണ്. അയ്യങ്കാളിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുക വഴി നാട്ടിൽ കലാപം ഉണ്ടാക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് മുൻ എം.എൽ.എ ചൂണ്ടിക്കാട്ടി.
കുകുച എന്ന പേരിൽ തുടങ്ങിയ ഗ്രൂപ്പിൽ ഈ പോസ്റ്റ് ഇട്ടത് ആരാണെന്ന് കണ്ടെത്തി രാജ്യത്തെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകളും സൈബർ സെല്ലും തയ്യാറാവണം. ഈ പോസ്റ്റ് ഫെയ്‌സ്‌സ്ബുക്കിൽ ഇട്ട ആൾക്കെതിരെയും ഇത്തരമൊരു പോസ്റ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ അനുമതി നല്കിയ ഗ്രൂപ്പ് അഡ്മിനെതിരെയും പോസ്റ്റിന് പിന്തുണ നല്കി ലൈക്കും ഷെയറും നല്കിയവർക്കെരെയും കേസെടുക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.