ന്യൂദല്‍ഹി- ഇന്ത്യയെ ഇളക്കി മറിച്ച 2012-ലെ ദല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൂന്ന് പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. വധ ശിക്ഷ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ മുകേഷ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ (23) എന്നിവര്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക. രാജ്യത്തൊട്ടാകെ ജനരോഷം ആളിക്കത്തിച്ച് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഹൈക്കോടതി വിധിച്ച നാലു പ്രതികളുടെ വധശിക്ഷ 2017 മേയ് അഞ്ചിനാണ് സുപ്രീം കോടതി ശരിവച്ചത്. ഇവരില്‍ അക്ഷയ് കുമാര്‍ സിങ് (31) എന്ന പ്രതി വധശിക്ഷാ വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല. വൈകാനെ നല്‍കുമെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
2012 ഡിസംബര്‍ 16നാണ് പ്രതികള്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓടുന്ന ബസില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി റോഡരികില്‍ തള്ളിയത്. കൂടെയുണ്ടായിരുന്ന കാമുകനെ മര്‍ദിക്കുകയും ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ റാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷിച്ചിരുന്നു. മൂന്നു വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഇയാള്‍ പിന്നീട് മോചിതനായി.