സൗദിയില്‍ വേനലവധിക്കായി സ്‌കൂളുകള്‍ അടച്ചു

റിയാദ്- വാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷം സൗദിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വേനലവധിയിലേക്കു പ്രവേശിച്ചു. ഹാജിമാരുടെ ഒഴുക്കു വര്‍ധിച്ചതോടെ വാര്‍ഷി പരീക്ഷകള്‍  പൂര്‍ത്തിയാക്കി മക്കയിലെ സ്‌കൂളുകള്‍ നേരത്തെ അടച്ചിരുന്നു. സൗദി വിദ്യാഭ്യാസ വകുപ്പു കലണ്ടര്‍ പിന്തുടരുന്ന രാജ്യത്തെ  സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളിലെ 60 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചു ലക്ഷം അധ്യാപകര്‍ക്കും  ഇന്നു  മുതല്‍ ഓഗസ്റ്റ് 21 തിങ്കള്‍  വരെ വേനലവധിയായിരിക്കും.
സൗദി പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലേയും വാര്‍ഷിക പരീക്ഷ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഇന്നു തന്നെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും റിസള്‍ട്ടും മാര്‍ക്ക് ലിസ്റ്റും സൗദി വിദ്യാഭ്യാസ വകുപ്പിന്റെ സെറ്റില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്. വാര്‍ഷിക പരീക്ഷക്കു ശേഷം സ്‌കൂളുകളിൽനിന്ന് പുറത്തുവന്ന വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങളില്‍ ചായം കുടഞ്ഞു നൃത്തം ചവിട്ടിയും വേനലവധിയെ വരവേല്‍ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Latest News