ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ ടാക്‌സി, ഫുഡ് ഡെലിവറി ആപ്പായ ഗ്രാബ് 1000 ജീവനക്കാരെ കുറയ്ക്കുന്നു. കമ്പനിയിലെ ജീവനക്കാരുടെ 11 ശതമാനെത്തെയാണ് ഒഴിവാക്കുന്നത്. ദീർഘകാലത്തേക്ക് സർവീസ് തുടരണമെങ്കിൽ ചെലവ് വെട്ടിച്ചുരുക്കണമെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും കമ്പനിയുടെ മേധാവി പറയുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനി എട്ട് ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് ടാക്‌സി, ഫുഡ് ഡെലിവറി, ധനകാര്യ സേവന മേഖലകളിൽ പ്രവർത്തിക്കുന്നത്. മേഖലയിൽ സാന്നിധ്യമുറപ്പിച്ചിരുന്ന അമേരിക്കൻ കമ്പനിയായ ഊബറിന്റെ പ്രവർത്തനങ്ങൾ 2018 ൽ ഏറ്റെടുത്ത കമ്പനിയാണ് ഗ്രാബ്. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ആദ്യമായാണ് കമ്പനി ഇത്രയും പേരെ ഒറ്റയടിക്ക് പിരിച്ചുവിടുന്നത്. ലാഭമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഇതെന്നും നിലനിൽപിനുള്ള മാർഗമാണെന്നും കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ആന്റണ് ടാൻ ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ പറയുന്നു. പുതിയ സാങ്കേതിക വിദ്യ ഏൽപിക്കുന്ന ആഘാതകളും വായ്പാ ചെലവുകളും ഇ-മെയിലിൽ അദ്ദേഹം എടുത്തു പറയുന്നു. മാറ്റങ്ങൾ ഇത്രയും വേഗത്തിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ജനറേറ്റീവ് ആർടിഫിഷ്യൽ ഇന്റലിജൻസ് വിദ്യകളടക്കം ചെലവ് വർധിപ്പിച്ചിരിക്കയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ദക്ഷിണേഷ്യയിലെ ഊബറെന്നും അറിയപ്പെട്ടിരുന്ന സൂപ്പർ ആപ്പായ ഗ്രാബ് മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലാണ് കൂടുതൽ സജീവമായുള്ളത്. ദക്ഷിണേഷ്യയിലെ ആദ്യത്തെ ഏറ്റവും വലിയ ഇടപാടെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് 2018 ൽ കമ്പനി തെക്കനേഷ്യൻ രാജ്യങ്ങളിലെ ഊബറിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ 2020 ൽ ഗ്രാബ് 360 തസ്തികകൾ ഒഴിവാക്കിയിരുന്നു. ന്യൂയോർക്കിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരി കഴിഞ്ഞ ദിവസം 1.2 ശതമാനം ഇടിഞ്ഞു. ലോകാടിസ്ഥാനത്തിൽതന്നെ പല വലിയ കമ്പനികളും ജോലിക്കാരെ കുറക്കുന്ന പശ്ചാത്തലത്തലം തന്നെയാണ് ഗ്രാബിന്റെ തൊഴിലാളികളെ പിരിച്ചുവിടുന്നതിനുമുള്ളത്. ദക്ഷിണേഷ്യയിൽ ഗ്രാബിന്റെ എതിരാളി ഇന്തോനേഷ്യൻ ഓൺലൈൻ ടാക്‌സിയായ ഗോ ടു കഴിഞ്ഞ വർഷം 12 ശതമാനം ജീവനക്കാരേയും കഴിഞ്ഞ മാർച്ചിൽ 600 ജീവനക്കാരേയും പിരിച്ചുവിട്ടിരുന്നു. യു.കെയിൽ വിൽപന കുറഞ്ഞതിനെ തുടർന്ന് ഫുഡ് ഡെലിവറി സ്ഥാപനമായ ജസ്റ്റ് ഈറ്റ് 1870 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ മാർച്ചിൽ അറിയിച്ചിരുന്നു. സ്വന്തം ജീവനക്കാരെ ഒഴിവാക്കി കോൺട്രാക്ടിംഗ് കമ്പനികളെ ഏൽപിക്കുന്നതിലൂടെ 1700 ജോലിക്കാരെ വേറെയും ഒഴിവാക്കുന്നുണ്ട്. യു.എസ് ഓൺലൈൻ ടാക്‌സി കമ്പനിയായ ലിഫ്റ്റ് 1000 ജീവനക്കാരെ കുറയ്ക്കുമന്നാണ് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ചത്. മൊത്തം ജീവനക്കാരുടെ കാൽ ഭാഗത്തിൽ കൂടുതൽ വരും ഇത്. ഒഴിവുള്ള 250 തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.