ജിദ്ദ - അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഗ്രാമങ്ങളില്‍ സാധാരണക്കാരായ ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കും നേരെ ജൂത കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. ഫലസ്തീനിലെ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര തീരുമാനങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വവും സമഗ്രവുമായ പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് നടത്തുന്ന മുഴുവന്‍ അന്താരാഷ്ട്ര ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നു. ഇസ്രായിലി സൈന്യത്തിന്റെയും ജൂത കുടിയറ്റക്കാരുടെയും ആക്രമണങ്ങളില്‍ മരണപ്പെട്ട ഫലസ്തീനികളുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രത്യാശിക്കുന്നതായും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടത് കുറ്റകൃത്യങ്ങള്‍ തുടരാന്‍ ഇസ്രായിലിനെ പ്രേരിപ്പിക്കുകയാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ പറഞ്ഞു. ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്കെതിരെ കുടിയേറ്റ സംഘങ്ങളും ഇസ്രായില്‍ സേനയും നടത്തുന്ന സംഘടിത ഭീകരതയെ ഒ.ഐ.സി ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ ഏതാനും പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീനികളുടെ ഭവനങ്ങളും കാറുകളും കൃഷിയിടങ്ങളും ജൂതകുടിയേറ്റക്കാര്‍ അഗ്നിക്കിരയാക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു.
ഫലസ്തീനികള്‍ക്കെതിരെ ജൂത കുടിയേറ്റക്കാരും ഇസ്രായില്‍ സൈന്യവും നിരന്തരം തുടരുന്ന യുദ്ധക്കുറ്റമാണിത്. അക്രമികളെ വിചാരണ ചെയ്ത് നീതി നടപ്പാക്കണം. സാധാരണക്കാരായ ഫലസ്തീനികള്‍ക്കെതിരെ കുടിയേറ്റക്കാര്‍ തുടരുന്ന ആക്രമണങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണ്. ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ഒരുക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
ജൂത കുടിയേറ്റക്കാരുടെ ആക്രമണങ്ങളെ മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയക്കുള്ള യു.എന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോര്‍ വെന്നിസ്‌ലാന്റും അപലപിച്ചു. നബ്‌ലുസിനും റാമല്ലക്കും സമീപമുള്ള ഗ്രമാങ്ങളില്‍ സ്‌കൂളും ആംബുലന്‍സും അടക്കം ഫലസ്തീനികള്‍ക്കും അവരുടെ വസ്തുവകകള്‍ക്കും നേരെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൂടിയേറ്റക്കാര്‍ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ടോര്‍ വെന്നിസ്‌ലാന്റ് പറഞ്ഞു. ഇസ്രായില്‍ സൈനികരുടെ സാന്നിധ്യത്തിലാണ് കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കു നേരെ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. റാമല്ല, നബ്‌ലുസ് റോഡില്‍ അല്ലബന്‍ ഗ്രാമത്തിനു സമീപം വെച്ച് നിരായുധനായ ഫലസ്തീനി യുവാവിനെ ഇസ്രായില്‍ സൈന്യം യാതൊരു പ്രകോപനുമില്ലാതെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ജെനിന്‍ നഗരത്തില്‍ കാറിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ വീരമൃത്യുവരിച്ചു. ജെനിന്‍ നഗരത്തിനു സമീപം വെടിവെപ്പ് നടത്തിയതില്‍ പങ്കുള്ള ഒരു കൂട്ടം ഫലസ്തീനികളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം വാദിച്ചു. നബ്‌ലുസ് നഗരത്തിന് തെക്ക് ഉരിഫ് ഗ്രാമത്തില്‍ ജൂത കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നൂറു കണക്കിന് ജൂത കുടിയേറ്റക്കാര്‍ കൂട്ടംചേര്‍ന്ന് നബ്‌ലുസ് നഗരത്തിലേക്കുള്ള റോഡ് അടച്ചു. ഉറിഫ്, ഹവാറ ഗ്രാമങ്ങളില്‍ ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കും നേരെ കുടിയേറ്റക്കാര്‍ ആക്രമണങ്ങള്‍ തുടരുകയാണെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം മൂര്‍ഛിച്ചതില്‍ അമേരിക്കന്‍ വിദേശ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
ക്യാപ്.
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തുന്ന ജൂത കുടിയേറ്റക്കാര്‍.






