പാലക്കാട് - മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ജോലി നേടിയതിന് അറസ്റ്റിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യ റിമാൻഡിൽ. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത വിദ്യയെ രണ്ട് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിടാൻ മണ്ണാർക്കാട് കോടതി ഉത്തരവിട്ടു. 24ന് ജാമ്യാപേക്ഷ പരിഗണിക്കും.
വിദ്യയെ രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ വിദ്യയുടെ അഭിഭാഷകൻ ഇതിനെ എതിർത്തു. ഭീകരവാദികളെ കൈകാര്യം ചെയ്യുന്നതു പോലെയാണ് വിദ്യയെ പോലീസ് കൈകാര്യം ചെയ്യുന്നതെന്നും ഒരു ദിവസത്തെ കസ്റ്റഡി മാത്രമേ അനുവദിക്കാവൂ എന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്ക് വേണ്ടിയായിരുന്നു പോലീസിന്റെ കാട്ടിക്കൂട്ടലുകൾ. ഇതിന് ഒരു തരത്തിലും കോടതി അംഗീകാരം കൊടുക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, വ്യാജ രേഖ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിദ്യയിൽനിന്നു ലഭ്യമാക്കേണ്ടതുണ്ടെന്ന പോലീസ് വാദം അംഗീകരിച്ചാണ് കോടതി നടപടി.