കൊൽക്കത്ത- ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനും പേര് സുചേതനെന്ന് മാറ്റാനും തീരുമാനിച്ച് മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ സുചേതന ഭട്ടാചാര്യ. താൻ എല്ലായ്പ്പോഴും മാനസികമായി ട്രാൻസ്‌മാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ ശാരീരികമായി അങ്ങനെയാകാൻ ആഗ്രഹിക്കുന്നുവെന്നും സുചേന കൂട്ടിച്ചേർത്തു. ചെറുപ്പം മുതലേ അച്ഛനുമായി ഇത്തരമൊരു ചർച്ചയുണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്തെ തീരുമാനം താനാണ് എടുത്തതെന്നും അവർ പറഞ്ഞു.
മാനസികമായി ട്രാൻസ്‌മാൻ ആയിരുന്നു. ഇപ്പോൾ ശാരീരികമായി അത് ആഗ്രഹിക്കുന്നു- അവർ എബിപി ലൈവ് ബംഗ്ലായോട് (ABP Live Bangla) പറഞ്ഞു. എന്റെ പേരും മാറ്റാൻ ആഗ്രഹിക്കുന്നു, നിയമപരമായ വശങ്ങൾ കൂടിയാലോചിച്ചു നടപടി സ്വീകരിക്കും. പ്രായത്തിനനുസരിച്ച് ഞാൻ മാനസികമായി ഒരു ട്രാൻസ്‌മാൻ ആയി തിരിച്ചറിയാൻ തുടങ്ങി. ഇതുമൂലം, ഒരുപാട് അപമാനം നേരിടേണ്ടിവരുന്നു. അതിനാലാണ് ഈ തീരുമാനമെടുത്തത്- അവർ പറഞ്ഞു. തന്റെ കുടുംബ സ്വത്വവും വ്യക്തിത്വവും കൂട്ടിക്കുഴക്കരുതെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അച്ഛനുമായി തുറന്ന ചർച്ച നടത്തിയിട്ടുണ്ട്. ഈ ജൂലൈ ഒന്നിന് എനിക്ക് 42 വയസ്സ് തികയും. ഞാനും അച്ഛനും എപ്പോഴും പുരോഗമനപരമായ ആശയങ്ങളിൽ ചർച്ച നടത്തിയിരുന്നു. ഇതിന് കമ്മ്യൂണിസവുമായി യാതൊരു ബന്ധവുമില്ല, ഈ വാക്ക് നന്നായി മനസ്സിലാക്കാത്ത ആളുകൾ അത് മനസ്സിലാക്കണം- അവർ കൂട്ടിച്ചേർത്തു.
എൽജിബിടിക്യു ആക്ടിവിസ്റ്റ് സുപ്രവ റോയിയുടെ പോസ്റ്റിലാണ് വിഷയം ആദ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്, സമൂഹത്തിലെ ജനങ്ങളുടെ ഉപജീവനത്തെക്കുറിച്ചുള്ള സിമ്പോസിയത്തെ അഭിസംബോധന ചെയ്യുന്ന സുചേതനയുടെ ചിത്രം അപ്‌ലോഡ് ചെയ്തു കൊണ്ടായിരുന്നു വെളിപ്പെടുത്തൽ. സിമ്പോസിയത്തിൽ, സുചേതന താൻ ട്രാൻസ്മാൻ ആണെന്ന് പ്രഖ്യാപിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അവൻ സുചേതൻ' എന്നറിയപ്പെടുമെന്നും പറഞ്ഞതായി വാർത്താ ഏജൻസി ഐഎഎൻഎസ് (IANS) റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ മകളായ സുചേതനയെപ്പോലുള്ള ഒരാൾക്ക് ഇത്ര ധൈര്യത്തോടെ പുറത്തുവന്ന് ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുക എളുപ്പമല്ലെന്ന് സിമ്പോസിയത്തിൽ സംബന്ധിച്ച നടിയും അവകാശ പ്രവർത്തകയുമായ ഉഷാഷി ചക്രബിയോർതി പറഞ്ഞു.






