എ.കെ.ജി സെന്റര്‍ ആക്രമിച്ച പ്രതിയെ കോണ്‍ഗ്രസ്  80 ദിവസം സംരക്ഷിച്ചില്ലേ? -എ.കെ ബാലന്‍  

തിരുവനന്തപുരം- വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന കെ വിദ്യയെ സംരക്ഷിച്ചത് സിപിഎം ആണെന്ന ആരോപണത്തിന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'15-ാം ദിവസം വിദ്യയെ പൊലീസ് പിടികൂടിയല്ലോ. ഇനി ഞാന്‍ ഒരു കാര്യം അങ്ങോട്ട് ചോദിക്കാം. എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിലെ നാലാം പ്രതി കോണ്‍ഗ്രസ് നേതാവ് നവ്യ 80 ദിവസമാണ് ഒളിവില്‍ കഴിഞ്ഞത്. അവരെ സംരക്ഷിച്ചത് ആരാണ്. അതിനുള്ള മറുപടി പറഞ്ഞാല്‍ ഇതിനുള്ള മറുപടി ഞാന്‍ പിന്നീട് പറയാം.'- എ കെ ബാലന്‍ പറഞ്ഞു.
'നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാനം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. നിരപരാധികള്‍ കൊലചെയ്യപ്പെടുന്നു. ആ സമയത്താണ് നമ്മുടെ പ്രധാനമന്ത്രി യോഗ അഭ്യാസത്തിന് പോയത്. ഇതിനിടെയാണ് ലോകത്തിന്റെ അഭിമാനമായ നെഹ്റു മ്യൂസിയം ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാക്കിയില്ലേ. ഇതിനെല്ലാം ഒരക്ഷരം പറയാന്‍ സാധിക്കാത്ത കോണ്‍ഗ്രസും കെപിസിസി നേതൃത്വവും ആനയുടെ കാര്യം പറയാതെ അണ്ണാന്റെ കാര്യമാണ് പറയുന്നത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സിപിഎമ്മിന്റെ ജനകീയ അടിത്തറ നിലനിര്‍ത്തുന്ന എസ്എഫ്‌ഐയെ ഇല്ലാതാക്കുക എന്നതെല്ലാം കോണ്‍ഗ്രസിന്റെ അജണ്ടയാണ്. എസ്എഫ്‌ഐ രൂപീകൃതമായതിന് ശേഷം അതിലെ ഒരു നേതാക്കളെ പറ്റിയും ഇതുവരെ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിട്ടില്ല. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയെ നിങ്ങള്‍ എങ്ങനെയാണ് വേട്ടയാടിയത്. ആ കുട്ടി പിടിച്ചുനിന്നില്ലേ. ഒരു ക്ഷമാപണമെങ്കിലും നിങ്ങള്‍ മാദ്ധ്യമങ്ങള്‍ നടത്തേണ്ടതല്ലേ.'- എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
 

Latest News