Sorry, you need to enable JavaScript to visit this website.

ദുർഭരണം: യൂത്ത് ലീഗ് കാമ്പയിൻ നടത്തും ഡിസംബറിൽ എറണാകുളത്ത് മഹാറാലി

കോഴിക്കോട്- വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കാമ്പയിൻ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും അറിയിച്ചു. 
വെറുപ്പും വിദ്വേഷവും വിവിധ മത വിഭാഗങ്ങൾക്കിടയിൽ വളർത്തുന്നതിനുള്ള ശ്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. മുസ്‌ലിങ്ങൾക്കെതിരായി വെറുപ്പ് പ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് രാജ്യം ഭരിക്കുന്ന സംഘ് പരിവാർ പ്രസ്ഥാനങ്ങളും അനുഭാവികളുമാണ്. പലപ്പോഴും ജനവിരുദ്ധ നയങ്ങൾ മറച്ചു പിടിക്കുന്നതിനും ഭരണ വിരുദ്ധ വികാരം വഴി തിരിച്ചു വിടുന്നതിനും വേണ്ടിയാണ് ഇത്തരം ശ്രമങ്ങൾ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളം ഭരിക്കുന്ന ഇടത്പക്ഷ സർക്കാരും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുന്നിട്ട് നിൽക്കുകയാണ് നേതാക്കൾ തുടർന്നു. ഈ പശ്ചാതലത്തിലാണ് വിദ്വേഷത്തിനെതിരെ, ദുർ ഭരണത്തിനെതിരെ എന്ന പ്രമേയം ഉയർത്തി സംസ്ഥാന വ്യാപകമായി കാമ്പയിൻ നടത്താൻ  മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
ശാഖ തലം മുതൽ സംസ്ഥാനതലം വരെ നടക്കുന്ന കാമ്പയിൻ വിജയിപ്പിക്കിയുന്നതിനായുള്ള കർമ പദ്ധതികൾക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി രൂപം നൽകിയതായി നേതാക്കൾ അറിയിച്ചു. 
ജൂലൈ 1 മുതൽ 15വരെയായി ശാഖതലത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിക്കും. യൂത്ത് മീറ്റ്‌നോട് അനുബന്ധിച്ച് ശാഖ/യൂനിറ്റ് തലത്തിൽ  കൺവെൻഷനുകൾ ചേർന്ന് കാമ്പയിൻ വിശദീകരണം നടത്തും. യൂത്ത് മീറ്റിന്റെ ഭാഗമായി ശാഖ/യൂനിറ്റ് തലത്തിൽ ക്ലബുകൾക്ക് രൂപം നൽകും. യൂത്ത് മീറ്റിനെ തുടർന്ന് ജൂലൈ 16 മുതൽ 31 വരെയായി പഞ്ചായത്ത് തലത്തിൽ പ്രതിനിധി സംഗമം നടത്തുന്നതാണ്. യൂണിറ്റ് ഭാരവാഹികൾ ആണ് പ്രതിനിധി സംഗമത്തിൽ പങ്കെടുക്കുക. 
കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത്, ശാഖ/യൂനിറ്റ് കമ്മിറ്റികൾ അഫിലിയേഷൻ നടത്തുന്നതാണ്.  കാമ്പയിന്റെ ഭാഗമായി ജൂലൈ 30 ന്, യൂത്ത് ലീഗ് ദിനത്തിൽ നിയോജക മണ്ഡലം തലത്തിൽ സ്മൃതി വിചാരം സംഘടിപ്പിക്കും.  
ഓഗസ്റ്റ് മാസത്തിൽ 'തമസ്‌കരിക്കപ്പെടുന്നവർ ചരിത്രം പറയുന്നു' എന്ന പ്രമേയത്തിൽ ഏകദിന കോൺക്ലേവ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. സെപ്തംബർ 28ന് സി.എച്ച്. അനുസ്മരണ ദിനത്തിൽ പ്രതിഭ ഫെസ്റ്റ്. പ്രതിഭ ഫെസ്റ്റിന്റെ ഭാഗമായി പ്രസംഗം, പ്രബന്ധം, കവിത മത്സരങ്ങൾ, വീഡിയോ എഡിറ്റിംഗ്, ഡിസൈനിംഗ് സംഘടിപ്പിക്കും.കാമ്പയിന്റെ പ്രചാരണാർഥം പഞ്ചായത്ത് തല ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒക്ടോബർ മാസത്തിൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നതാണ്. കാമ്പയിന്റെ പ്രമേയം വിശദീകരണത്തിനായി യൂത്ത്മാർച്ച് സംഘടിപ്പിക്കും. നവംബർ മാസത്തിൽ പദയാത്രയായാണ് ജില്ല തലത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിക്കുക. കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബർ അവസാനം എറണാകുളത്ത് യുവജന മഹാറാലി സംഘടിപ്പിക്കുമെന്നും തങ്ങളും ഫിറോസും അറിയിച്ചു.
 

Latest News