Sorry, you need to enable JavaScript to visit this website.

ബൈഡൻ മോഡിയെ മനുഷ്യാവകാശം പഠിപ്പിക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിം​ഗ്ടൺ-ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉണർത്തുമെങ്കിലും പഠിപ്പിക്കാനൊന്നും മുതിരില്ലെന്ന് വൈറ്റ് ഹൗസ്. ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളിൽ  അമേരിക്കയുടെ ആശങ്കകൾ ബൈഡൻ ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഈ വിഷയത്തിൽ മോഡിയെ പാഠം പഠിപ്പിക്കാനൊന്നും പോകുന്നില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.  
ബൈഡനും മോഡിയും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിരോധ സഹകരണവും വിൽപ്പനയും, കൃത്രിമബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, മൈക്രോൺ ടെക്നോളജി, യുഎസ് സ്ഥാപനങ്ങളുടെ ഇന്ത്യയിൽ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കരാറുകൾ പ്രഖ്യാപിക്കും.
ആത്യന്തികമായി ഇന്ത്യയിൽ രാഷ്ട്രീയത്തിന്റേയും ജനാധിപത്യ സ്ഥാപനങ്ങളുടേയും ഭാവി  തീരുമാനിക്കേണ്ടത് ഇന്ത്യക്കാരാാണ്. അത് അമേരിക്ക നിർണയിക്കേണ്ട കാര്യമല്ലെന്ന് സുള്ളിവനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.  
ഇന്ത്യയിൽ വർധിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും മേഡിയുമായുള്ള ചർച്ചയിൽ  ഉയർത്തിക്കാട്ടാൻ ഡെമോക്രാറ്റുകൾ പ്രസിഡന്റ് ബൈഡനിൽ സമ്മർദ്ദം ചെലുത്തുന്നണ്ട്. എന്നാൽ മതസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക ഉയരുമ്പോൾ അതു ചൂണ്ടിക്കാണിക്കുകയല്ലാതെ ചോദ്യം ചെയ്യലും പഠിപ്പിക്കലും തങ്ങളുടെ രീതിയല്ലെന്നാണ് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ വക്താക്കൾ വ്യക്തമാക്കുന്നത്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡി സംയുക്ത കോൺഗ്രസിൽ നടത്തുന്ന പ്രസംഗം ബഹിഷ്‌കരിക്കാൻ യു.എസ് സാമാജികരായ ഇൽഹാൻ ഒമറും റാഷിദ തലൈബും തീരുമാനിച്ചു. ഇന്ത്യയിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് അവർ വ്യക്തമാക്കി.

Latest News