ജിദ്ദ- സൗദി അധികൃതർ മുന്നറിയിപ്പുകൾ ആവർത്തിക്കുമ്പോഴും ഹജ് നിർവഹിക്കാൻ കുറുക്കുവഴി തേടുന്നവരുണ്ടെന്നാണ് തട്ടിപ്പുകാർ വീണ്ടും വീണ്ടും പിടിയിലാകുന്ന സംഭവങ്ങൾ തെളിയിക്കുന്നത്. ആവശ്യക്കാരില്ലെങ്കിൽ തട്ടിപ്പ് സംഘങ്ങൾ വലവീശി കാത്തിരിക്കില്ലല്ലോ. സൗദിക്കകത്തുള്ളവർക്ക് വിശുദ്ധ ഹജ് കർമം നിർവഹിക്കാൻ അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പിനു ശ്രമിക്കുന്നത്. വ്യാജ അനുമതി പത്രവും ധരിക്കാനുള്ള വളകളുമാണ് തട്ടിപ്പുകാർ നൽകുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരം തട്ടിപ്പുകളിലേർപ്പെട്ട മൂന്ന് ഈജിപ്ഷ്യൻ സംഘങ്ങളാണ് അധികൃതരുടെ പിടയിലായത്.
ഈദ് അവധിയാണല്ലോ എന്നാൽ ഹജിനു പോയിക്കളയാമെന്നു ചിന്തിച്ചിരുന്ന കാലം മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഇപ്പോഴും ഓർമയുണ്ട്. ആ സൗകര്യം അവസാനിച്ചിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. ഇരുപതും മുപ്പതും വർഷം സൗദിയിൽ ജോലി ചെയ്യുമ്പോൾ എല്ലാവർഷവും ഹജിനു പോയിരുന്ന മലയാളികൾ ഇപ്പോഴും രാജ്യത്തുണ്ട്.
വിശുദ്ധ കർമത്തിനല്ലേ, ചെക്ക് പോസ്റ്റുകളിൽ പിടിയിലായാലും പോകാൻ അനുവദിക്കുമെന്ന പ്രതീക്ഷയോടെ പുറപ്പെട്ട മലയാളികളടക്കമുള്ളവർ കഴിഞ്ഞ വർഷവും പിടിയിലായിരുന്നു. ഈ വർഷവും ഇത്തരം സാഹസത്തെ കുറിച്ച് ചിന്തിക്കുന്നവരുണ്ടാകും. അവർ അധികൃതർ ആവർത്തിക്കുന്ന മുന്നറിയിപ്പുകൾ കാര്യത്തിലെടുക്കുന്നില്ല. ചെക്ക് പോസ്റ്റുകൾ മറികടക്കാൻ വേറെ ഊടുവഴികളിലൂടെ ഹജ് കർമം ആരംഭിക്കുന്ന മിനിയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് വലവീശുന്നവർ വിശുദ്ധ ഹജിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സജീവമായിട്ടുണ്ട്. വ്യാജ അനുമതി പത്രവും വളഞ്ഞ വഴിയിലൂടെയുള്ള യാത്രയും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇരകളെ തേടുന്നത്. പിടിയിലായാലും ഹജ് കണക്കിലെടുത്ത് വിട്ടയക്കുമെന്ന അമിത പ്രതീക്ഷയുള്ളവർ സൗദി അറേബ്യയിലെ നിരീക്ഷണ സംവിധാനങ്ങളെ കുറിച്ചും സുരക്ഷാ പരിശോധനകളെ കുറിച്ചും കൃത്യമായ ധാരണയില്ലാത്തവരാണ്.
ഹജ് പെർമിറ്റില്ലാതെ നിയമം ലംഘിച്ച് ഹജ് നിർവഹിക്കാൻ ശ്രമിക്കുന്നവരെ പിടികൂടി നടപടികൾ സ്വീകരിക്കാൻ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളോട് ചേർന്ന് ജവാസാത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. മക്കക്കു സമീപത്തെ ചെക്ക് പോസ്റ്റുകളിൽ വെച്ച് സുരക്ഷാ വകുപ്പുകളുടെ പിടിയിലാകുന്നവരുടെ കേസുകൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്ന ചുമതലയാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾക്കുള്ളത്. ഈ കേന്ദ്രങ്ങൾ സൗദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ് യ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ശുമൈസി, അൽകർ, അൽതൻഈം, അൽബുഹൈത്ത എന്നീ ചെക്ക് പോസ്റ്റുകളിലാണ് ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. നീതിപൂർവമായ വിചാരണ ഉറപ്പുവരുത്തി കുറ്റക്കാർക്കുള്ള ശിക്ഷകൾ വേഗത്തിൽ നടപ്പാക്കുകയാണ് ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ചെയ്യുന്നത്.
ഹജ് പെർമിറ്റില്ലാത്തവർ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ശ്രമിച്ചാൽ പിടികൂടി പിഴ ഈടാക്കുമെന്നും നാടുകടത്തുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.