Sorry, you need to enable JavaScript to visit this website.

ലോക കേരള സഭ: ഒരു അമേരിക്കൻ അനുഭവം

വൈറ്റ് ഹൗസിലെ ഉയർന്ന ഉദ്യോഗസ്ഥർ തൊട്ട് സ്റ്റേറ്റ് സെനറ്റർമാർ, അമേരിക്കൻ വനിത  ജഡ്ജിമാർ തുടങ്ങിയവരുടെ തനി മലയാള കഥകളും ശുദ്ധ മലയാളത്തിൽ പ്രസംഗിച്ച സായിപ്പും മറ്റും ശരിക്കും ഹരം കൊള്ളിച്ചു. കഴിഞ്ഞ തവണ ആദ്യമായി പങ്കെടുത്ത തിരുവനന്തപുരം സമ്മേളനത്തേക്കാൾ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ചതായിരുന്നു അമേരിക്കൻ മേഖല സമ്മേളനം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

 


പതിവിൽ കൂടുതൽ വിവാദങ്ങളും ചർച്ചകളുമായി ന്യൂയോർക്ക് ടൈംസ് സ്‌ക്വയർ മാരിയറ്റ് ഹോട്ടലിൽ ലോക കേരള സഭ സമ്മേളനം അവസാനിച്ചെങ്കിലും അതിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. എന്തു തന്നെയായാലും അമേരിക്കയിലും കാനഡയിലും ഉള്ള പ്രമുഖ സംഘടനകളായ ഫോമ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, ഐ.ഒ.സി, നന്മ, കെ.എം.സി.സി എന്നിവയുടെ ഒട്ടുമിക്ക നേതാക്കളെയും ഒരു കുടക്കീഴിൽ ഒരുമിച്ചു  കാണാൻ കഴിഞ്ഞു എന്നതിലുപരി വർഷങ്ങൾക്കു ശേഷം പരസ്പരം സൗഹൃദം പുതുക്കാനും കാണാത്തവരെ കാണാനും ചുരുങ്ങിയ സമയം സമ്മേളന ഹാളിൽ ചെലവഴിച്ചപ്പോൾ സാധിച്ചു എന്നത് വ്യക്തിപരമായി ഉന്മേഷവും ആഹ്ലാദവും പകർന്ന അനുഭവമായിരുന്നു. 
കേരള മുഖ്യമന്ത്രി, സ്പീക്കർ, ധനകാര്യ മന്ത്രി, വർഷങ്ങളായി നല്ല സുഹൃദ്ബന്ധം സൂക്ഷിക്കുന്ന ചില എം.പിമാർ, മുൻ സ്പീക്കർ, ചീഫ് സെക്രട്ടറി, നോർക്ക ഡയറക്ടർമാർ, സീനിയർ ഉദ്യോഗസ്ഥർ, ഗൾഫ് വ്യവസായികൾ  എന്നിവർ അക്കൂട്ടത്തിൽ പെടുന്നു. കൂടാതെ പ്രശസ്തരായ  മാധ്യമ പ്രവർത്തകർ, ബ്‌ളോഗർമാർ മുതൽ ഗൾഫിലും മറ്റുമുള്ള നിരവധി പത്രപ്രവർത്തക സുഹൃത്തുക്കളും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും സിനിമ താരങ്ങളും. മുമ്പത്തെ പോലെ ഓടിനടക്കാൻ കഴിയില്ലെങ്കിലും അത് മനസ്സിലാക്കിക്കൊണ്ട് തന്നെ കർക്കശക്കാരനായി അറിയപ്പെടുന്ന മുഖ്യമന്ത്രി തൊട്ട് എല്ലാവരും  വളരെ നല്ല രീതിയിൽ സ്‌നേഹത്തോടെ കരുതലോടെ പെരുമാറിയത് പ്രവാസികളുടെ മനസ്സിൽ കുളിർമ തോന്നിച്ച അനുഭവമായിരുന്നുവെന്ന് പറയാതെ വയ്യ. പ്രവാസി പ്രശ്‌നങ്ങളിലും വികസന വിഷയങ്ങളിലും രാഷ്ട്രീയം കലർത്തരുത് എന്ന് തന്നെയാണ് എക്കാലത്തെയും അഭിപ്രായം. ഈ സമ്മേളനത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്നത് സംഘാടകർക്കാണ്. അവസാന നിമിഷം വരെ ഭാരിച്ച ചെലവ് താങ്ങാൻ കഴിയാതെ വീർപ്പു മുട്ടുമ്പോഴും അമേരിക്കൻ രീതി അനുസരിച്ച് സ്‌പോൺസർമാരെ കണ്ടെത്താൻ ശ്രമിച്ചതാണ് ട്രോളുകളുടെയും വിമർശനങ്ങളുടെയും  പൊടിപൂരമായി നിറഞ്ഞു നിന്നത്. എങ്കിലും സംഘാടകരെയും സുവനീർ കമ്മിറ്റിയെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ. പരിപാടിയിൽ പ്രസംഗിക്കുന്നില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ പറയാനുള്ള കാര്യങ്ങൾ എഴുതി തയാറാക്കി ലേഖന രൂപത്തിൽ സമ്മേളനത്തോടനുബന്ധിച്ചുള്ള  സുവനീറിൽ അതേപടി പ്രസിദ്ധീകരിച്ചിരുന്നു. 
ഉദ്ഘാടന സെഷനിൽ സംസാരിക്കേണ്ടിയിരുന്ന യു.എ.ഇ - കെ.എം.സി.സി നേതാവ് പനി കാരണം അവസാന നിമിഷം കാൻസൽ ചെയ്തതിനാലും മറ്റും ബഹുമാനപ്പെട്ട സ്പീക്കർ പറഞ്ഞപ്പോൾ  അവിചാരിതമായി എനിക്കും ഒരു ചെറിയ ആശംസ പറയാനായി. അതിന്റെ കാതലായ ഭാഗമായ കരിപ്പൂർ എയർപോർട്ട് വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി  മറുപടി നൽകിയത് അങ്ങേയറ്റം ചാരിതാർത്ഥ്യജനകവുമായി. 
കോഴിക്കോട്, കണ്ണൂർ എയർപോർട്ട് പ്രശ്‌നങ്ങളിൽ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട രീതിയിൽ ഇടപെടുമെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സംസാരിക്കുന്ന സമയത്ത് മുഖ്യമന്ത്രി വേദിയിൽ ഇല്ലായിരുന്നെങ്കിലും പ്രധാന പോയന്റുകൾ അധ്യക്ഷൻ കുറിച്ചു വെച്ചിരുന്നു. കൂടാതെ സീസൺ സമയങ്ങളിലെ അമിത വിമാന ടിക്കറ്റ് ചാർജും വിദേശ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളും മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കലും, പതിവു പോലെയുള്ള നിക്ഷേപക അവകാശ വാദങ്ങളും  ചർച്ചാവിഷയമായിരുന്നെങ്കിലും  ഏറെ ഹൃദ്യമായി തോന്നിയത് അമേരിക്കൻ ഇന്ത്യാക്കാരായ ഐ.ടി സംരംഭകരുടെ സെഷനാണ്. സിലിക്കൺ വാലിയിലടക്കം  അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഇത്രയധികം  വിജയം നേടിയ മലയാളി സംരംഭകർ ഉണ്ട് എന്ന് കണ്ടത് അവിടെ വെച്ചാണ്. പലരുടെയും കഥകൾ നല്ലൊരു അറിവും അനുഭവവുമായി. അവരിൽ പലർക്കും സൗകര്യം ഒത്തുവന്നാൽ നമ്മുടെ കേരളത്തിൽ കൂടി അവരുടെ കൈയൊപ്പു ചാർത്താൻ തയാറാണെന്നും ബോധ്യപ്പെട്ടു. കൂടാതെ വൈറ്റ് ഹൗസിലെ ഉയർന്ന ഉദ്യോഗസ്ഥർ തൊട്ട് സ്റ്റേറ്റ് സെനറ്റർമാർ, അമേരിക്കൻ വനിത  ജഡ്ജിമാർ തുടങ്ങിയവരുടെ തനി മലയാള കഥകളും ശുദ്ധ മലയാളത്തിൽ പ്രസംഗിച്ച സായിപ്പും മറ്റും ശരിക്കും ഹരം കൊള്ളിച്ചു.
കഴിഞ്ഞ തവണ ആദ്യമായി പങ്കെടുത്ത തിരുവനന്തപുരം സമ്മേളനത്തേക്കാൾ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ചതായിരുന്നു അമേരിക്കൻ മേഖല സമ്മേളനം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Latest News