Sorry, you need to enable JavaScript to visit this website.

കോവിഡ് സെന്ററിൽ അഴിമതിയെന്ന്; സഞ്ജയ് റാവത്തിന്റെ അനുയായിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

മുംബൈ- ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി സുജിത് പട്കറിനെതിരെ രജിസ്റ്റർ ചെയ്ത കോവിഡ് സെന്റർ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച മുംബൈയിലും സമീപ പ്രദേശങ്ങളിലും ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും മകൻ ആദിത്യ താക്കറെയുടെയും അടുത്ത അനുയായിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ജയ്സ്വാളിന്റെയും യുവസേന യു.ബി.ടി സെക്രട്ടറി സൂരജ് ചവാന്റെയും സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ജനുവരി 16ന് ബി.എം.സി മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹലിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തിയിരുന്നു. 2020 ൽ, കോവിഡ് കേസുകൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ, ബി.എം.സിയിൽ 4,000 കിടക്കകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. കൂടുതൽ കിടക്കകൾ ക്രമീകരിക്കാൻ ലോകാരോഗ്യ സംഘടന ഉപദേശിക്കുകയും സംസ്ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. ഫീൽഡ് ഹോസ്പിറ്റലുകൾ സൃഷ്ടിക്കാനായിരുന്നു ഉത്തരവ്. ഏജൻസികളിൽ നിന്ന് സഹായം തേടുകയും ആയിരക്കണക്കിന് കിടക്കകളുടെ ലഭ്യതയോടെ ജംബോ ആശുപത്രികൾ രൂപീകരിക്കുകയും ചെയ്തു. 2022 ഓഗസ്റ്റിലാണ്  ഫീൽഡ് ഹോസ്പിറ്റലുകളെ സംബന്ധിച്ച് മുംബൈ പോലീസിന് പരാതി ലഭിച്ചത്. പട്കറിനും പങ്കാളികൾക്കും മുംബൈയിലും പൂനെയിലും കോവിഡ് കേന്ദ്രങ്ങൾ അനുവദിച്ചുവെന്നും ഇതിനായി വ്യാജ രേഖകൾ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. പട്കറിനും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും ആശുപത്രി നടത്തിപ്പിൽ മുൻ പരിചയമില്ലെന്നും പരാതിയിൽ പറയുന്നു.
പട്കറുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡുകളിൽ, കോവിഡ് ഫീൽഡ് ഹോസ്പിറ്റലുകൾ കൈകാര്യം ചെയ്യുന്നതിനായി പട്കർ ബി.എം.സിയുമായി ഒപ്പിട്ട കരാറിന്റെ രേഖ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിനായി തന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 38 കോടി രൂപയും പട്കറിന് ലഭിച്ചു. തന്റെ രജിസ്റ്റർ ചെയ്യാത്ത കമ്പനി വഴി ബി.എം.സി കരാർ ലഭിച്ചതിന് ശേഷം പട്കർ ജോലി ഒരു ഡോക്ടർക്ക് കൈമാറുകയും കമ്പനിയുടെ പേരിൽ ഫീൽഡ് ഹോസ്പിറ്റലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പിടുകയും ചെയ്തുവെന്നാണ് ആരോപണം.
 

Latest News