Sorry, you need to enable JavaScript to visit this website.

പ്രവാസി ചിട്ടി നിയമവിരുദ്ധമെന്ന് കെ.എം. മാണി

തിരുവനന്തപുരം- പ്രവാസി ചിട്ടിക്ക് നിയമ സാധുത ഇല്ലെന്ന് മുൻ ധനകാര്യമന്ത്രി കെ.എം. മാണി. ചിട്ടിത്തുകയും സെക്യൂരിറ്റി തുകയും കിഫ്ബിയിൽ നിക്ഷേപിക്കുന്നത് കേന്ദ്ര ചിട്ടിനിയമത്തിന് വിരുദ്ധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചിട്ടി നിയമത്തിൽ പറയുന്ന അംഗീകൃത ബാങ്കുകളിൽ മാത്രമേ സെക്യൂരിറ്റി തുകയും ചിട്ടിത്തുകയും നിക്ഷേപിക്കാവൂ. 
ബാങ്ക് അല്ലാത്ത കിഫ്ബിക്ക് ചിട്ടിത്തുക നൽകുന്നതും അത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കിഫ്ബിയെ അനുവദിക്കുന്നതും നിയമലംഘനമാണ്. കേന്ദ്ര നിയമത്തിന്റെ 20 ാം വകുപ്പിന് ആവശ്യമായ ഭേദഗതി വരുത്താതെയോ 87 ാം വകുപ്പനുസരിച്ച് റിസർവ് ബാങ്കിന്റെ അനുമതിയോടെ പ്രവാസി ചിട്ടിക്ക് 20 ാം വകുപ്പിൽനിന്ന് ഇളവുനേടാതെയോ കിഫ്ബിയിൽ തുക നിക്ഷേപിക്കുന്നത് കേന്ദ്ര ചിട്ടി നിയമത്തിന്റെ ലംഘനമാണ്.
1982 ലെ കേന്ദ്ര ചിട്ടി ഫണ്ട്‌സ് ആക്ട് 2012 ഏപ്രിലിലാണ് കേരളത്തിൽ ബാധകമാക്കിയത്. അതിനുമുൻപ് 1975 ലെ കേരള ചിട്ടി നിയമമാണ് നിലനിന്നിരുന്നത്. 1982 ലെ കേന്ദ്ര നിയമത്തിന്റെ പ്രത്യേകത റിസർവ് ബാങ്കിന്റെ കർശന നിയന്ത്രണം ചിട്ടി ബിസിനസിൽ വന്നുവെന്നതാണ്. സംസ്ഥാനങ്ങൾക്ക് ചട്ടമുണ്ടാക്കുന്നതിനും നിയമത്തിൽ ഇളവുനേടുന്നതിനും റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി വേണം. 
ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രവാസികൾക്ക് മാത്രമായി ഒരു കെ.എസ്.എഫ്.ഇ ചിട്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ കേന്ദ്ര നിയമമനുസരിച്ച് മാത്രമേ പ്രവാസികൾക്കു മാത്രമായി ചിട്ടി വിഭാവനം ചെയ്യാൻ സാധിക്കൂ. റിസർവ് ബാങ്ക് നിയമങ്ങൾക്കും കേന്ദ്ര ചിട്ടി നിയമത്തിനും കേരള സർക്കാർ പുറപ്പെടുവിച്ച ചിട്ടി റൂളുകൾക്കും അനുസൃതമായിട്ടായിരിക്കും പ്രവാസികളെ ചിട്ടിയിൽ പ്രവേശിപ്പിക്കുക എന്നാണ് ധനമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. എന്നാൽ കെ.എസ്.എഫ്.ഇ നൽകേണ്ട സെക്യൂരിറ്റി തുകയും പ്രവാസി ചിട്ടി തുകയും കിഫ്ബിയിൽ നിക്ഷേപിക്കുവാൻ അനുവാദം നൽകിയെന്നാണ് ധനമന്ത്രി പറയുന്നത്. ഇത് ചിട്ടി നിയമത്തിനെതിരാണ്. ഇന്ത്യ മുഴുവൻ പ്രാബല്യമുള്ള ചിട്ടി നിയമത്തിന്റെ റഗുലേറ്റർ ആർ.ബി.ഐ ആണ്. 
ചിട്ടി നിയമത്തിലെ 76-ാം വകുപ്പനുസരിച്ച് 4, 5, 16, 20 വകുപ്പുകളുടെ ലംഘനത്തിനും ഈ വകുപ്പുകൾ ലംഘിക്കുവാൻ പ്രേരണ നൽകുന്നതിനും ഓരോ വകുപ്പനുസരിച്ചും രണ്ടുവർഷം വരെ ശിക്ഷ നൽകുവാൻ വ്യവസ്ഥ ചെയ്യുന്നു. ഇതിലെ പല വകുപ്പുകളുടെ ലംഘനത്തിനും ധനമന്ത്രി തന്നെയാണ് മുൻകൈ എടുത്തിരിക്കുന്ന്. കേരളം ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നും കേന്ദ്ര നിയമമൊന്നും തനിക്ക് ബാധകമല്ലെന്നുമുള്ള മനോഗതി അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും മാണി കുറ്റപ്പെടുത്തി.

Latest News