കണ്ണൂരില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി - കണ്ണൂരില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ജൂലായ് 12 ന് കോടതി വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജൂലായ് ഏഴിനകം മറുപടി നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്ക്കായി അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യവും അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ  ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

 

Latest News