മുഖ്യമന്ത്രിയോട് നൂറ് കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി അജയകുമാറാണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. 100 കോടി രൂപ അക്കൗണ്ടില്‍ ഇടണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും എന്നായിരുന്നു ഫോണ്‍ സന്ദേശം. രണ്ടാഴ്ച മുമ്പാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശമയക്കാന്‍ ഉപയോഗിച്ച ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളില്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് അജയകുമാര്‍.  മുന്‍പ് വിമുക്ത ഭടന്റെ വീട്ടില്‍ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തില്‍ കത്തി വച്ചു ഭീഷണി മുഴക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Latest News