Sorry, you need to enable JavaScript to visit this website.

മഴക്കാല രോഗങ്ങളെ അറിയാം, പ്രതിരോധിക്കാം, ചെറുത്ത് തോല്‍പ്പിക്കാം

* രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിച്ചുവരുന്ന ഒരു സാധാരണ അനുഭവമാണ്. മിക്ക ആളുകള്‍ക്കും പനിയില്‍ നിന്നും മറ്റു ലക്ഷണങ്ങളില്‍ നിന്നും വൈദ്യസഹായം ഇല്ലാതെ തന്നെ ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുവാന്‍ സാധിക്കുന്നു. എന്നാല്‍ കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളില്‍ ഇത് ഗുരുതരമായ രോഗത്തിനോ, മരണത്തിനോ കാരണമാകാം. ഈ വര്‍ഷം ഇതുവരെ 15ഓളം ഡെങ്കിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളേയും കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഇതിലും അധികം വരുമെന്നാണ് മറ്റൊരു വസ്തുത. എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് കൂടുതലും ജീവഹാനി വരുത്തുന്നത്. ജൂണ്‍ മാസം ആകുന്നതോടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മുന്‍ അനുഭവപ്രകാരം പനി ക്ലിനിക്കുകള്‍ ആരംഭിക്കാറുണ്ട്. അതോടൊപ്പം സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോക്കോളും ലഭ്യമാക്കാറുണ്ട്. അതിനാല്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ആരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ ചികിത്സ തേടുന്നത് ഏറ്റവും ഉത്തമമാണ്.

പനിയും പകര്‍ച്ചവ്യാധികളും പകരുന്നതിന് മുമ്പ് പരിസരം ശുചിയായി സൂക്ഷിക്കുന്നതും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതും രോഗങ്ങള്‍ വരുന്നതിനും ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നതിനുമുള്ള സാധ്യത ഒഴിവാക്കും. കൊതുകടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം മഴക്കാലങ്ങളില്‍ വീടിന് പുറത്ത് കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക, സംരക്ഷണം ലഭിക്കുന്നതിന് ശരീരത്തില്‍ പുരട്ടുന്ന ലേപനങ്ങള്‍, ക്രീമുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഒരു പരിധിവരെ നല്ലതാണ്. മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന മലിനജലം കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുന്നതോടെ വെള്ളത്തിലൂടെയുള്ള രോഗങ്ങള്‍ക്കും സാഹചര്യമൊരുങ്ങുന്നു.

ഇതോടൊപ്പം കേരളത്തില്‍ പടരുന്ന പനി സംബന്ധമായ രോഗങ്ങളെയും രോഗലക്ഷണങ്ങളെയും മനസ്സിലാക്കി വയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യും.

ജലദോഷം: മഴക്കാലത്ത് വൈറസ് വഴി പകരുന്ന സാധാരണ പനിയാണിത്. കാറ്റേല്‍ക്കുമ്പോഴും മഴ നനയുമ്പോഴും മിക്കവരിലും ഇതുണ്ടാകാറുണ്ട്. തൊണ്ടവേദന, മൂക്കടപ്പ്, തുമ്മല്‍, മൂക്കൊലിപ്പ് ഇവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണമായി മാറുന്നതാണ്. അതോടൊപ്പം തുടക്കത്തില്‍ തന്നെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുന്നത് അവരിലേക്ക് രോഗം പകരുന്നത് തടയും.

കോവിഡ്: പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. വിശ്രമവും ഒപ്പം വീട്ടിലുള്ള പ്രായമുള്ളവര്‍ക്കും കുട്ടികളിലേക്കും പകരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നത് ഏറ്റവും നല്ലതാണ്.

വൈറല്‍ പനി: വായുവിലൂടെയാണ് വൈറല്‍ പനി പകരുന്നത്. തൊണ്ടവേദന, തുമ്മല്‍, കടുത്ത തലവേദന, ശരിരവേദന, ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. വൈറല്‍ പനി ബാധിച്ചാല്‍ ചികിത്സ തേടുകയും വിശ്രമിക്കുകയും ചെയ്യേണ്ടിവരും. വൈറല്‍ പനി ആസ്തമ രോഗികളില്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയും ന്യൂമോണിയയിലേക്കു മാറാനുള്ള സാധ്യതയും കൂടുതലാണ്.

ടൈഫോയിഡ്: ഭക്ഷണത്തിലൂടെയും മലിനജലം കലര്‍ന്ന കുടിവെള്ളത്തിലൂടെയും പകരുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ്. തുടക്കത്തില്‍ ലക്ഷണങ്ങള്‍ കുറവാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. ആ ദിവസങ്ങളില്‍ പനി തുടങ്ങി രണ്ടാഴ്ച കഴിയുമ്പോള്‍ ക്ഷീണം വര്‍ധിക്കുന്നു. കുടലില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതു മൂലം വയറുവേദന, മലം കറുത്ത നിലയില്‍ പോവുക, വിശപ്പില്ലായ്മ കടുത്ത ക്ഷീണം എന്ന ലക്ഷണങ്ങളിലേക്ക് എത്തിച്ചേരുന്നു. രോഗം മാറിയാലും വിസര്‍ജ്യത്തിലൂടെ രോഗം പകരുന്നതിനുള്ള സാധ്യത കുറച്ചു കാലം കൂടി നീണ്ടുനില്‍ക്കും. ശ്രദ്ധാപൂര്‍വ്വമായ ആഹാരക്രമവും ടോയ്ലെറ്റില്‍ പോയതിനു ശേഷവും ആഹാരത്തിന് മുന്‍പും നന്നായി കൈകഴുകുന്ന ശീലം രോഗം വരാതെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ സഹായിക്കും.

എലിപ്പനി: വൈറല്‍ പനി പോലെ തോന്നിപ്പിക്കുന്നതും എന്നാല്‍ രോഗിയെ ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നതുമായ പനികളില്‍ ഒന്നാണിത്. 'ലെപ്‌റ്റോസ് സ്‌പൈറോസിസ്' എന്ന ബാക്ടീരിയ ആണ് എലിപ്പനിക്ക് കാരണം. മലിന ജലത്തില്‍ ചവിട്ടുമ്പോള്‍ കാലിലെ ചെറിയ മുറിവുകള്‍ വഴി അണുക്കള്‍ ശരീരത്തില്‍ എത്തുന്നു. ശക്തമായ പനി, വിറയല്‍, തളര്‍ച്ച, ശരീരവേദന, ചര്‍ദ്ദി, മനംപുരട്ടല്‍, കണ്ണിനു ചുവപ്പു നിറം, ശരീരത്തില്‍ മഞ്ഞനിറം, മൂത്രം കടുത്ത നിറത്തില്‍ പോകുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും അടിയന്തര ചികിത്സ തേടേണ്ടതാണ്.

ഡെങ്കിപ്പനി: കൊതുക് വരുത്തുന്നതും ഏറ്റവും അധികം പേരില്‍ ഉണ്ടാകുന്നതുമായ പനിയാണിത്. കഠിനമായ പനി, അസഹ്യമായ തലവേദന, അസ്ഥികളിലും സന്ധികളിലും വേദന, കണ്ണുകളുടെ പിന്നില്‍ വേദന, വിശപ്പില്ലായ്മ, ചുവന്ന പാടുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. മുന്‍പ് ഡെങ്കു ഉണ്ടായവരില്‍ രോഗം ഗുരുതരമാകുന്നതിന് സാധ്യതയുണ്ട്. ഗര്‍ഭിണികളും നവജാത ശിശുക്കളും പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയുണ്ടായാല്‍ നിര്‍ജലീകരണം തടയാന്‍ പരമാവധി ശ്രദ്ധിക്കണം. കൊതുക് പ്രജനനം തടയുക എന്നതാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗ്ഗം. ലക്ഷണങ്ങള്‍ മൂന്നു ദിവസത്തിനകം നീണ്ടുനില്‍ക്കുകയോ മൂക്കിലോ മോണയിലോ വിസര്‍ജ്യങ്ങളിലോ രക്തം കാണപ്പെട്ടാല്‍ ഉടനെ വൈദ്യ സഹായം തേടേണ്ടതാണ്.

എച്ച് 1 എന്‍ 1: വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. ആദ്യകാലങ്ങളില്‍ ലക്ഷണങ്ങള്‍ ഉണ്ടാവുകയില്ല. തുടര്‍ന്ന് പനിക്കും തൊണ്ടവേദനയ്ക്കും ഛര്‍ദ്ദിക്കും ഒപ്പം പേശികളിലും സന്ധികളിലും ശക്തമായ വേദനയുണ്ടാവും. വായുവിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അസുഖം പകരുകയും ചെയ്യും. നിലവില്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്ക് എച്ച് 1 എന്‍ 1 പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്.

ചിക്കുന്‍ഗുനിയ: കൊതുക് പരത്തുന്ന മറ്റൊരു രോഗമാണ് ഇത്. വൈറസാണ് രോഗാണു. ഡെങ്കു പനിയുടെ രോഗലക്ഷണങ്ങളോടൊപ്പം ശക്തമായ സന്ധിവേദനയും ചലനം പ്രയാസമാകുന്ന വിധത്തില്‍ കാല്‍മുട്ട്, കൈക്കുഴ, വിരലുകള്‍, കഴുത്ത്, നടുവ് എന്നീ ഭാഗങ്ങളൊക്കെ വേദനയുണ്ടാകും. വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. നല്ലൊരുഭാഗം ആളുകളിലും സന്ധിവേദന മാറുന്നില്ല എന്നത് അനുബന്ധ പ്രശ്‌നമായി പറയുന്നത് കൊണ്ട് രോഗം വരാതിരിക്കാന്‍ വളരെയധികം സൂക്ഷിക്കേണ്ടതാണ്.

പബ്ലിക് ഹെല്‍ത്ത് മാനേജ്‌മെന്റിലും മറ്റു അനുബന്ധ ആരോഗ്യ സൂചികകളിലും കേരളം ഒരു മാതൃകയാണെങ്കിലും മണ്‍സൂണ്‍ കാലത്തു പകര്‍ച്ചവ്യാധി ഉണ്ടാകുന്നതു ആവര്‍ത്തിച്ചുണ്ടാകുന്ന കാഴ്ചയാണ്.

സാംക്രമിക രോഗങ്ങള്‍ തടയുന്നതിനായി വിവിധ ഏജന്‍സികള്‍ സര്‍ക്കാര്‍തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്, അതോടൊപ്പം പൊതുജനകളുടെ ശ്രദ്ധയും മുന്‍കരുതലും ഉണ്ടായാല്‍ മാത്രമേ ഈ ആവര്‍ത്തിച്ചുവരുന്ന അപകടം ഒഴിവാക്കാന്‍ സാധിക്കൂ.

കൃത്യസമയത്തു ഉചിതമായ ചികിത്സ ലഭിക്കാത്തതാണ് പനി മാരകമാകുന്നതിനു പലപ്പോഴും കാരണമാകുന്നത്.  പ്രതിരോധമാണ് ചികിത്സയേക്കാള്‍ അഭികാമ്യം എന്നത് പനിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. വ്യക്തി ശുചിത്വം പാലിക്കുകയും പരിസരം ശുചിയാക്കുന്നതില്‍ ശ്രദ്ധിക്കുകയും ഭക്ഷണം, വെള്ളം എന്നിവ മലിനമല്ല എന്ന് ഉറപ്പുവരുത്തുകയും യഥാസമയം ഔഷധങ്ങളുടെ ഉപയോഗം ലഭ്യമാക്കുന്നതിലൂടെയും പനിയുടെ കടന്നുവരവിനെ പ്രതിരോധിക്കുന്നതിനു സാധിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ജെഷീറ മുഹമ്മദ് കുട്ടി (സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ജനറല്‍ മെഡിസിന്‍, ആസ്റ്റര്‍ മിംസ്, കോഴിക്കോട്).
 

Latest News